മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രസിദ്ധീകരിച്ച യൂടൂബർക്കെതിരെ കേസെടുത്തു
അഴീക്കോട് യൂട്യൂബ് , ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ നവ മാധ്യമങ്ങളിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത ഫുഡി ഷെഫ് എന്ന പേരിൽ യൂടൂബ് ചാനൽ നടത്തുന്ന കൊടുങ്ങല്ലൂർ അഴീക്കോട് വാലത്തറ വീട്ടിൽ 22 വയസ്സുള്ള നിധിനെ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ ഓൺലൈൻ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നെന്ന് നിധിൻ എക്‌സൈസ് സംഘത്തോട് പറഞ്ഞു. ഇയാളുടെ അക്കൗണ്ടിൽ നിന്നും ഇത്തരം വീഡിയോകൾ നീക്കം ചെയ്യിപ്പിച്ചു. വേണ്ടത്ര നിയമ പരിജ്ഞാനമില്ലാതെ പല യുവാക്കളും ഇത്തരം വീഡിയോകൾ ഓൺലൈൻ മീഡിയകളിൽ പ്രസിദ്ധപ്പെടുത്തുന്നത് എക്‌സൈസ് സൈബർ സെൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു. എക്‌സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മോയിഷ്. എ.വി, പ്രിവന്റീവ് ഓഫീസർമാരായ മന്മഥൻ. കെ.എസ്, അനിൽകുമാർ. കെ.എം, അനീഷ്.ഇ.പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്. ടി, രിഹാസ്.എ.എസ് എന്നിവരും ഉണ്ടായിരുന്നു.
യൂടൂബർക്കെതിരെ കേസെടുത്തു
