കൊടകര നെല്ലായിയിൽ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ കയ്പമംഗലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കയ്പമംഗലം വഴിയമ്പലം കാരാപ്പുള്ളി ക്ഷേത്രത്തിന് തെക്ക് ഭാഗം കാവുങ്ങപ്പറമ്പിൽ ബാലചന്ദ്രൻ്റെ മകൻ ഭരത് (23), തിരുവനന്തപുരം സ്വദേശി ഉത്തരജ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ യായിരുന്നു അപകടം. അങ്കമാലി കറുകുറ്റി അപ്പോളോ ആശുപത്രിയിലെ കാൻ്റീൻ ജീവനക്കാരാണ് ഇരുവരും. രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ പുറത്തിറങ്ങിയതാണ്. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പറയുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം, അപകടത്തിന് ശേഷം വന്ന വാഹനത്തിലെ യാത്രക്കാരാണ് പോലീസിൽ അറിയിച്ചത്.
തൃശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു.
ഭരതിൻ്റെ മൃതദേഹം കൊടകര ശാന്തി ഹോസ്പിറ്റൽ മോർച്ചറിയിലും, ഉത്തരജിന്റെ മൃതദേഹം പുതുക്കാട് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചുണ്ട്. നെല്ലായി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു