കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് മുന്നോടിയായുള്ള ചെറുഭരണി കൊടിയേറ്റം നടന്നു.
പരമ്പരാഗത അവകാശിയായ കാവിൽ വീട്ടിൽ ആനന്ദനും സംഘവും ഭഗവതിക്ക് പട്ടും താലിയും സമർപ്പിക്കുന്നതാണ് ചെറുഭരണി നാളിലെ പ്രധാന ചടങ്ങ്.
വലിയതമ്പുരാൻ നൽകിയ അധികാര ചിഹ്നമായ പവിഴമാല ധരിച്ചാണ് ആനന്ദനും സംഘവും എത്തിയത്. ഇവർ ക്ഷേത്രത്തിന്റെ വടക്കേനടയിലെത്തിയതോടെ അടികൾമാരും ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളുമടക്കം പ്രദക്ഷിണ വഴിയൊഴിഞ്ഞ് കാത്തുനിന്നു. ആനന്ദനും അനന്തരാവകാശിയും മൂന്നുവട്ടം ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം വടക്കെ നടയിലെ കോഴിക്കല്ലിൽ പട്ടും താലിയും സമർപ്പിച്ച് ദേവിയെ വണങ്ങി.
അതോടെ ക്ഷേത്രത്തിലെ ആൽമരങ്ങളിലും പന്തലുകളിലും കൊടിക്കൂറകൾ ഉയർന്നു.കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷ്ണർ S R ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷ്ണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷ്ണർ M R മിനി, ദേവസ്വം മാനേജർ കെ വിനോദ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി A വിജയൻ, ട്രഷറർ K V മുരളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മീനഭരണിയുടെ വരവറിയിച്ച് കുരുംബക്കാവിൽ ചെറു ഭരണി കൊടികയറി.
