കശുവണ്ടി വ്യവസായത്തിന്റെ നാട്ടിൽ കശുവണ്ടിപ്പരിപ്പുപയോഗിച്ച് മുഖ്യമന്ത്രിയുടെ രൂപംതീർത്ത് കലാകാരനായ ഡാവിഞ്ചി സുരേഷ്. നവകേരള സദസിന്റെ ഭാഗമായാണ് 28 ചതുരശ്രയടി വിസ്തീർണത്തിൽ കലാസൃഷ്ടി ഒരുക്കിയത്. രണ്ടുലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടിപ്പരിപ്പാണ് ഉപയോഗിച്ചത്. ഇതിനായി വിവിധതട്ടിലുള്ള പരിപ്പ് വേർതിരിച്ച് നിറവിന്യാസം ഒരുക്കി. തോടുകളയാത്ത കശുവണ്ടിപരിപ്പുപയോഗിച്ചാണ് മുഖചിത്രത്തിനു പശ്ചാത്തലമൊരുക്കിയത്. സംസ്കരിച്ച കശുവണ്ടിത്തോട് കഷണങ്ങളാക്കി തലമുടിയുടെ കറുപ്പുനിറവും മഞ്ഞൾപ്പൊടി ചാലിച്ച കശുവണ്ടിപരിപ്പ് നിരത്തി മുഖവും ഒരുക്കി. കശുവണ്ടിപരിപ്പിൻറെ സ്വാഭാവിക വെള്ളനിറത്തിനൊപ്പം പത്തിലേറെ ഫുഡ് കളറുകളും ഉപയോഗിച്ചു. കൊല്ലം ബീച്ചിൽ നിർമിച്ച പ്രത്യേക പ്ലാറ്റ്ഫോമിലാണ് കലാസൃഷ്ടി ഒരുക്കിയത്. ഏഴ് മണിക്കൂറോളമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.
കശുവണ്ടിവികസന കോർപ്പറേഷൻ, കാപ്പെക്സ്, കേരള കാഷ്യൂ ബോർഡ്, കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്, ഏജൻസി ഫോർ എക്സ്റ്റെൻഷൻ ഓഫ് കാഷ്യൂ കൾട്ടിവേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പ് എന്നിവ സഹകരിച്ചാണ് കലാരൂപമൊരുക്കിയത്. ഡാവിഞ്ചി സുരേഷിന്റെ തൊണ്ണൂറ്റി നാലായത് മീഡിയമാണ് കശുവണ്ടി. സിംബാദ്, ഇന്ദ്രജിത്ത് ഡാവിഞ്ചി, സന്ദീപ്, ഫെബി താടി, ഹാരിസ് കൊല്ലം എന്നിവർ സഹായികളായി.
എം.മുകേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കശുവണ്ടിവികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.ആർ.സാബു, തുടങ്ങിയവർ പങ്കെടുത്തു.
കശുവണ്ടി വ്യവസായത്തിന്റെ നാട്ടിൽ കശുവണ്ടിപ്പരിപ്പുപയോഗിച്ച് മുഖ്യമന്ത്രിയുടെ രൂപംതീർത്ത് കലാകാരനായ ഡാവിഞ്ചി സുരേഷ്.
