സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷാക്കാലത്തിന് ഇന്ന് തുടക്കമാകും. എസ്.എസ്.എൽ.സി, പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കാണ് ഇന്ന് തുടക്കമാകുന്നത്. സംസ്ഥാനത്തുടനീളമുള്ള 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
എസ്.എസ്.എൽ.സി പരീക്ഷകൾ രാവിലെ 9:30-ന് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് പ്ലസ് വൺ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, പ്ലസ് ടു പരീക്ഷകൾ മറ്റന്നാളായിരിക്കും (മാർച്ച് 7) ആരംഭിക്കുക. മാർച്ച് 30-ന് എസ്.എസ്.എൽ.സി പരീക്ഷകളും, മാർച്ച് 28-ന് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളും അവസാനിക്കുന്ന രീതിയിലാണ് ടൈം ടേബിൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഗൾഫ് കേന്ദ്രങ്ങളിൽ ഈ ആഴ്ച പൊതുപരീക്ഷകൾ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച നടക്കേണ്ട എസ്.എസ്.എൽ.സി പരീക്ഷയും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഹയർ സെക്കൻഡറി പരീക്ഷകളുമാണ് മാറ്റിവെച്ചത്. യുദ്ധം കാരണം പരീക്ഷ എഴുതാൻ കഴിയാത്ത ഈ വിദ്യാർത്ഥികൾക്കായി പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആശംസകളുമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി.
സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷാക്കാലത്തിന് ഇന്ന് തുടക്കമാകും.

