ദേവീ ശരണം അമ്മേ ശരണം വിളികൾ ഉയർന്ന ശ്രീകുരുംബക്കാവിൽ മീനഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കോഴിക്കല്ലുകൾ മൂടി.ചെമ്പട്ടണിഞ്ഞ് രൗദ്രഭാവം പൂണ്ട കാവിലേക്കിനി കോമരങ്ങൾ പ്രവഹിക്കും. ദേവി – ദാരികയുദ്ധത്തിന് തുടക്കം കുറിക്കുന്നുവെന്ന സങ്കൽപത്തിൽ മീനമാസത്തിലെ തിരുവോണ നാളായ ഇന്നലെ ഉച്ചപൂജക്കു ശേഷമാണ് കോഴിക്കല്ല് മൂടൽ നടന്നത്.വടക്കെ ദീപസ്തംഭത്തിന് മുന്നിലെ വൃത്താകാരത്തിലുള്ള രണ്ടു കല്ലുകളും അവകാശികളായ ഭഗവതി വീട്ടുകാർ ക്ഷേത്ര മുറ്റത്തുണ്ടാക്കിയ കുഴിയിൽ മൂടി.പിന്നീട് ഈ മൺതിട്ടക്കുമുകളിൽ ചെമ്പട്ടു വിരിച്ച് തച്ചോളി തറവാട്ടിലെ കോഴിഹാജരുണ്ടോ എന്ന് വിളിച്ചു ചോദിച്ചു.ഈ സമയം തച്ചോളി തറവാട്ടുകാർ കോഴികളെ സമർപ്പിച്ച് ചടങ്ങു പൂർത്തിയാക്കി.


