കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജൈവ കരനെൽകൃഷിയുടെ വിളവെടുപ്പ് നടത്തി കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കുന്ന ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ആരംഭിച്ച ജൈവ കരനെൽകൃഷി വിളവെടുത്തു. മട്ടത്രിവേണി നെൽ വിത്ത് ഉപയോഗിച്ച് ഏകദേശം 15 സെന്റോളം വരുന്ന ഭൂമിയിൽ ആട്ടിൻ കാഷ്ടം, പച്ച ചാണകം, പച്ചില കമ്പോസ്റ്റ് എന്നിവ മാത്രം വളമായി ഉപയോഗിച്ചാണ് കരനെൽ കൃഷി ചെയ്തത്. ഇതിൽ നിന്നും ലഭിക്കുന്ന അരിയാണ് സെപ്റ്റംബർ 14 ഉത്രാട ദിനത്തിൽ ആഘോഷിക്കുന്ന നിറപുത്തരിക്ക് വേണ്ട പുത്തരിപായസത്തിനും അന്നേ ദിവസത്തെ ചതുഃശ്ശത നിവേദ്യത്തിനും ഉപയോഗിക്കുക. കൊടുങ്ങല്ലൂർ ക്ഷേത്ര ഭൂമിയിൽ കഴിഞ്ഞ അഞ്ചു വർഷമായി ചെയ്തു വരുന്ന ജൈവ കരനെൽ കൃഷിയിൽ നിന്നുമാണ് ഇല്ലം നിറക്ക് ആവശ്യമായ കതിർക്കറ്റകളും നിറപുത്തരിക്ക് ആവശ്യമായ അരിയും ലഭിക്കുന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ നെൽക്കതിർ കൊയ്‌തെടുത്ത് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത്, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മീഷണർ എം.ആർ.മിനി, എം.കെ.ഉണ്ണി (സംസ്ഥാന സർക്കാർ അഗ്രികൾച്ചർ റിസോഴ്സ് പേഴ്സൺ) ദേവസ്വം മാനേജർ കെ.വിനോദ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ.വിജയൻ കോവിലകം പ്രതിനിധി സുരേന്ദ്ര വർമ്മ എന്നിവർ പങ്കെടുത്തു.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജൈവ കരനെൽകൃഷിയുടെ വിളവെടുപ്പ് നടത്തി

