അംഗീകാരത്തിൻ്റെ നിറവിൽ വീണ്ടും കൊടുങ്ങല്ലൂരിലെ പെൺപള്ളിക്കൂടം.
കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ മികച്ച ഗവ.ഹയർ സെക്കണ്ടറി പി.ടി.എയ്ക്കുള്ള അവാർഡിന് കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അർഹമായി.
വിദ്യാർത്ഥികളുടെ നന്മയും വിദ്യാഭ്യാസ പുരോഗതിയും വിദ്യാലയത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതുമായ കൂട്ടായ പ്രവർത്തനത്തിന് മാതൃക നൽകുന്ന വിദ്യാലയങ്ങൾക്കാണ് ബെസ്റ്റ് പി.ടി.എ അവാർഡുകൾ നൽകുന്നത്.
തൃശൂരിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് പി.ബി രഘു, പ്രിൻസിപ്പാൾ പുഷ്ക്കല ടീച്ചർ, എസ്.എം.സി ചെയർമാൻ നവാസ് പടുവിങ്ങൽ, എം.പി ടി.എ പ്രസിഡൻ്റ് സനിത എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
നൂറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ശ്രദ്ധേയമായ മികവ് പുലർത്തുന്ന വിദ്യാലയമാണ്.
കുട്ടികളിൽ മൂല്യബോധം വളർത്തിയെടുക്കുന്ന വിധത്തിലുള്ള പദ്ധതികളും, ജീവകാരുണ്യ പ്രവർത്തനങ്ങളും പി.ടി.എ യുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്.
രക്ഷിതാക്കളുടെ ഡാറ്റാ ബാങ്ക്, ഡ്രസ് ബാങ്ക്, വ്യക്തിത്വ വികസന പരിശീലനം, പാരൻ്റിംഗ് കോഴ്സ്, സ്വയംതൊഴിൽ പരിശീലനം, വിവിധ ചലഞ്ചുകൾ തുടങ്ങി വിവിധ പരിപാടികളും പി.ടി.എ ആവിഷ്ക്കരിച്ച് നടത്തി വരുന്നുണ്ട്.
കഴിഞ്ഞ വർഷം മികച്ച ഹൈസ്കൂൾ പി.ടി.എയ്ക്കുള്ള അവാർഡ് കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ് നേടിയിരുന്നു.
അംഗീകാരത്തിൻ്റെ നിറവിൽ വീണ്ടും കൊടുങ്ങല്ലൂരിലെ പെൺപള്ളിക്കൂടം.
