കൊടുങ്ങല്ലൂരിൻ്റെ ഭക്ഷണത്തെരുവ് മോഹം ഇനിയും വെന്ത് പാകമായില്ല.
കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ രാജ്യത്ത് ആരംഭിക്കുന്ന നൂറ് ഭക്ഷണത്തെരുവുകളിൽ നാലെണ്ണം കേരളത്തിലാണ്. എന്നാൽ വർഷങ്ങൾക്ക് മുൻപെ ഈറ്റ് സ്ട്രീറ്റെന്ന ആശയം ഉയർന്നു വന്ന കൊടുങ്ങല്ലൂരിന് ഈ പട്ടികയിൽ ഇടം ലഭിച്ചിട്ടില്ല.
കോട്ടപ്പുറം മുസിരിസ് ആംഫി തിയ്യേറ്റർ കേന്ദ്രീകരിച്ച് ഭക്ഷണത്തെരുവ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പതിറ്റാണ്ടിലധികം കാലം പഴക്കമുണ്ട്.
കൊടുങ്ങല്ലൂർ എം.എൽ.എ ആയിരുന്ന ടി.എൻ പ്രതാപനാണ് ഹൈദരാബാദിലെ ഈറ്റ് സ്ട്രീറ്റ് മാതൃകയിൽ കോട്ടപ്പുറത്ത് ഭക്ഷണത്തെരുവ് എന്ന ആശയം പങ്കുവെച്ചത്.
ആംഫി തിയ്യേറ്ററിനോട് ചേർന്ന് ഭക്ഷണ തെരുവിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്.
പ്രത്യേകം തയ്യാറാക്കിയപാതയ്ക്കിരുവശവുമായി വ്യത്യസ്തങ്ങളായ ഭക്ഷണ വിഭവങ്ങൾ വിൽക്കുന്ന ഇടമാണ് ഈറ്റ് സ്ട്രീറ്റ്.
ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റി മാതൃക ഭക്ഷണത്തെരുവ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
കാസർഗോഡ് തളങ്കര ബീച്ച്, കണ്ണൂ പയ്യാമ്പലം ബീച്ച്, കോഴിക്കോട് ബീച്ച്, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലാണ് കേരളത്തിൽ പുതിയ ഭക്ഷണത്തെരുവുകൾ ആരംഭിക്കുന്നത്.
ഇവിടങ്ങളിലൊന്നുമില്ലാത്ത വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നേരത്തെ ഒരുക്കിയിട്ടുള്ള കൊടുങ്ങല്ലൂരിൽ ഭക്ഷണത്തെരുവ് ആരംഭിക്കാൻ അധികൃതരുടെ മനസ് മാത്രം മതിയാകും.
കൊടുങ്ങല്ലൂരിൻ്റെ ഭക്ഷണത്തെരുവ് മോഹം ഇനിയും വെന്ത് പാകമായില്ല.
