ഇരിങ്ങാലക്കുട : 2021 ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി സൗഹൃദത്തിലായ പ്രതി യുവതിയോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ഈ തുക നൽകാത്തതിലുള്ള വൈരാഗ്യത്താൽ സൗഹൃദത്തിലായിരുന്ന സമയത്ത് യുവതി അറിയാതെ എടുത്തിരുന്ന ഫോട്ടോകളും വീഡിയോകളും അശ്ലീല സന്ദേശങ്ങളും യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടേയും ഫോണിലേക്ക് അയച്ചുകൊടുത്ത് യുവതിക്ക് മാനഹാനി വരുത്തിയ സംഭവത്തിന് ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ ആച്ചു എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി വടക്കൻ വീട്ടിൽ ആഷിക്ക് 34 വയസ്സ് എന്നയാളെയാണ് കൊടുങ്ങല്ലൂരിൽ നിന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഈ കേസിൽ അറസ്റ്റിലായി ബഹു.കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്കായി നിരന്തരം ഹാജരാകാതെ മുങ്ങി നടന്നിരുന്ന ആഷിക്കിനെ പിടികൂടുന്നതിനായി കോടതി ജാമ്യമില്ലാ വകുപ്പ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരം അന്വേഷണം നടത്തി വരവെ ആഷിക്ക് കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി എത്തിയ അന്വേഷണ സംഘത്തെ കണ്ട് ആഷിക്ക് രക്ഷപ്പെടുന്നതിനായി സമീപത്തുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സും പോലീസും ചേർന്ന് അനുനയിപ്പിച്ച് കരക്ക് കയറ്റിയാണ് ആഷിക്കിനെ അറസ്റ് ചെയ്തത്.
ആഷിക്ക് കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, നാല് മോഷണക്കേസുകളിലും, സ്ത്രീകളെ മാനഹാനി വരുത്തിയ ഒരു കേസുകളിലും, സർക്കാർ ജീവനക്കാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ ഒരു കേസിലും, മൂന്ന് അടിപിടിക്കേസിലും, പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന ലൈംഗിക ചേഷ്ടകൾ കാണിച്ച കേസിലും അടക്കം പത്ത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുജിത്ത്.പി.എസ്, ജി.എസ്.ഐ അശോകൻ.ടിഎൻ, സി.പി.ഒ മാരായ ഷിബു വാസു, അനീഷ്. പവിത്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂരിൽ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ പ്രതി അറസ്റ്റിൽ

