സ്ക്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകൽ- കള്ളത്തരം പൊളിച്ചടുക്കി കൊടുങ്ങല്ലൂർ പോലീസ്
ഒരു ദേശത്തെ മുഴുവൻ മാതാപിതാക്കളേയും അദ്ധ്യാപകരേയും സ്ക്കൂൾ വിദ്യാർത്ഥികളേയും ഭീതിയിലാഴ്ത്തിയ തട്ടിക്കൊണ്ടു പോകൽ നാടകത്തിന് സിനിമയെ വെല്ലുന്ന ക്ലൈമാക്സ് നല്കി അവസാനിപ്പിച്ച് കൊടുങ്ങല്ലൂർ പോലീസ്. പുതുവത്സര ദിനത്തിൽ കർണ്ണാടക രജിസ്ത്രേഷൻ വാഹനത്തിലെത്തിയ മൂന്നംഗ സംഘം തീരദേശമേഖലയിലെ പ്രശസ്തമായ സ്ക്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയെ ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയിയെന്നും നമ്പർ പ്ലേറ്റ് മാറ്റുന്നതിനായി പ്രതികളിൽ ഒരാൾ കാറിൽ നിന്നിറങ്ങിയ സമയം വിദ്യാർത്ഥി കാറിൽ നിന്നിറങ്ങി ഓടി എന്നും മറ്റുമായിരുന്നു വിദ്യാർത്ഥിയുടെ മൊഴി. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ ബൈജുവിന്റെ നേതൃത്വത്തിൽ SI കാശ്യപൻ, GASI രാജൻ, GSCPO-മാരായ ഗോപകുമാർ.പി.ജി, ഗിരീഷ്.എൻ.എം, എന്നിവരടങ്ങിയ അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. സ്ക്കൂളിലെയും മറ്റ് ഷോപ്പുകളിലേയും, CCTV ക്യാമറകളും വിദ്യാർത്ഥി പരാതിയിൽ പറഞ്ഞ കർണ്ണാടക രജിസ്ത്രേഷൻ വാഹനങ്ങളെ കുറിച്ചും മുൻ കുറ്റവാളികളെ കുറിച്ചും മറ്റും വിശദമായ അന്വേഷണം നടത്തിയ പോലീസ് സംഘം വിദ്യാർത്ഥികളടക്കം പലരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. തട്ടി കൊണ്ടു പോയതായി പറഞ്ഞ വിദ്യാർത്ഥിയുടെ മൊഴികളിൽ വന്ന വൈരുദ്ധ്യം പോലീസിനെ കുഴക്കിയെങ്കിലും കുട്ടി പറഞ്ഞ സമയവും സ്ഥലവും കേന്ദീകരിച്ച് നടത്തിയ അന്വേഷത്തിൽ സംഭവം നടന്നതായി പറഞ്ഞ സമയത്ത് മറ്റൊരു റോഡിലൂടെ കുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ ശേഖരിച്ച് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ വീട്ടുകാരുമായി വിരോധത്തിലുള്ള ഒരാളോടുളള വൈരാഗ്യം മൂലം അയാളെ കുടുക്കുവാനാണ് ഇങ്ങനെ പരാതി പറഞ്ഞതെന്ന് പിന്നീട് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. കുട്ടി തന്നെ ഒഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചു വച്ച ബാഗും കുട്ടി തന്നെ പോലീസിന് കാണിച്ചു നല്കുകയായിരുന്നു. പരാതിയുടെ നിജസ്ഥിതി അറിയുന്നതിനു മുൻപേ സോഷ്യൽ മീഡിയ വഴി കുപ്രചരണങ്ങൾ നടത്തി നിരവധി ആളുകൾ ദേശത്തെ ആകെ ഭീതിയിലാഴ്ത്തിയിരുന്നു അത്തരക്കാർക്കുള്ള മുന്നറിയിപ്പുകൂടിയായി പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണം
കള്ളത്തരം പൊളിച്ചടുക്കി കൊടുങ്ങല്ലൂർ പോലീസ്
