കയ്പമംഗലം : മൂന്നൂപീടികയിൽ വെച്ച് യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും ചാർജ്ജറും ഇയർ ഫോണും പവർ ബാങ്കും കവർച്ച ചെയ്ത പ്രതികളെ കൊടുങ്ങല്ലൂർ വടക്കെ നടയിലെ വളവിൽ വെച്ച് കയ്പമംഗലം പോലീസ് സ്റ്റേഷൻ ജീപ്പിൽ എസ്.ഐ. ഹരിഹരിൻ, സി.പി.ഒ മുഹമ്മദ് ഫറൂഖ് എന്നിവരും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ജീപ്പിൽ എസ്.ഐ ബാബു, സിപി.ഒ വിഷ്ണു എന്നിവരും ചേർന്നാണ് പ്രതികളെ വളഞ്ഞിട്ട് പിടികൂടിയത്.
കയ്പമംഗലം : 14-07-2025 തിയ്യതി പുലർച്ചെ 01.00 മണിയോടെ എറണാകുളത്തേക്ക് പോകുന്നതിനായി ബസ് കാത്ത് നിൽക്കുകയായിരുന്ന കൈപ്പമംഗലം ഒറ്റത്തെസെൻ്റർ സ്വദേശി പുത്തേഴത്ത് വീട്ടിൽ ഷാഹിൽ, 19 വയസ് എന്നയാളെ ചാവക്കാട് എടക്കഴിയൂർ എനിപ്പുള്ളി വീട്ടിൽ നിഗേഷ് 26 വയസ്, ചാവക്കാട് മതിലകത്ത് വിട്ടിൽ നിസാമുദ്ദീൻ, 24 വയസ്, ചാവക്കാട് തിരുവത്ര സ്വദേശി മേത്തി വീട്ടിൽ മുഹമ്മദ് മുർഷാദ്, 22 വയസ്, എന്നിവരാണ് ഇരുമ്പു പൈപ്പ് കൊണ്ട് ആക്രമിച്ച് കഴുത്തിൽ കത്രിക വെച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും ചാർജ്ജറും ഇയർ ഫോണും പവർ ബാങ്കും കവർച്ച ചെയ്യുകയും മൊബൈൽ ഫോണിന്റെയും google pay യുടെയും Password ഉം ഭീഷണിപ്പെടുത്തി വാങ്ങിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
സംഭവം ഷാഹിൽ അടുത്തുള്ള ഓട്ടോ ഡ്രൈവർമാരെ അറിയിക്കുകയും അവർ പോലീസിനെ അറിയിക്കുകയുമായിരുന്നു. കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഹരിഹരനും സി.പി.ഒ ഫറൂഖും സംഭവം അറിഞ്ഞ് ഉടനെ സ്ഥലത്തെത്തുകയും ഷാഹിലിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ 3 പ്രതികൾ ചുമന്ന കളറിലുള്ള പൾസർ ബൈക്കിൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോയതായി അറിഞ്ഞ് പ്രതികളെ പിടികൂടുന്നതിനായി സ്റ്റേഷൻ ജീപ്പിൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോലീസ് പോവുകയും പ്രതികളെ വഴിയിൽ വെച്ച് കാണുകയും പ്രതികളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ അമിത വേഗതയിൽ ഓടിച്ച് പോവുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറുകയും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായരുന്ന സബ് ഇൻസ്പെക്ടർ ബാബു, സി.പി.ഒ വിഷ്ണുവും പോലീസ് ജീപ്പിൽ പ്രതികളെ പിടികൂടുന്നതിനായി ഇറങ്ങുകയായിരുന്നു. കൊടുങ്ങല്ലൂർ വടക്കെ നടയിലെ വളവിൽ വെച്ച് രണ്ട് സ്റ്റേഷൻ ജിപ്പുകളും കൂടി പ്രതികളെ വളയുകയും പ്രതികൾ വലയിൽപെടുകയുമായിരുന്നു.
ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന സാഹിലിനെ കണ്ട പ്രതികൾ ബൈക്കിന് തകരാറ് സംഭവിച്ചെന്ന വ്യാജേന ബൈക്ക് നിർത്തി റിപ്പയർ നടത്തിക്കൊണ്ടിരിക്കേ സഹായിക്കാനെത്തിയപ്പോഴാണ് സാഹിലിനെ മുഖം പൊത്തിപ്പിടിച്ച് ഇരുട്ടത്തേക്ക് കൊണ്ട് പോയി രണ്ട് പ്രതികൾ ചേർന്നാണ് ആക്രമിച്ചത്. മൂന്നാമൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരിക്കുകയായിരുന്നു. ഇതിൽ കയറിയാണ് മൂവരും രക്ഷപ്പെട്ടത്.
സാഹിലിന്റെ പരാതിയിൽ പ്രതികൾക്കെതിരെ ദേഹോപദ്രവമേൽപിക്കൽ, ആയുധം ഉപയോഗിച്ച് ദേഹോപദ്രവമേൽപിക്കൽ, ഭീഷണിപ്പെടുത്തൽ, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ റിമാന്റ് ചെയ്തു.
നിഗേഷും മുഹമ്മദ് മുർഷാദും മറ്റൊരാളും ചേർന്ന് 11-07-2025 തിയ്യതി രാത്രി 09.00 മണിക്ക് ചാവക്കാട് പഞ്ചവടിയിൽ വെച്ച് 2 യുവാക്കളെ വടി കൊണ്ടും കല്ലു കൊണ്ടും ആക്രമിച്ച് പരിക്കേൽപിച്ച് ഒരു മോട്ടോർ സൈക്കിളും മൊബൈൽ ഫോണും 1000/- രൂപയും കവർച്ച ചെയ്തതിന് ചാവക്കാട് പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതികളാണ്.
മുർഷാദ് ചാവക്കാട് പോലീസ് സ്റ്റേഷനിൽ പോലീസുദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കേസിലെയും, മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെയും കൂടി പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.ആർ, സബ് ഇൻസ്പെക്ടർമാരായ അബിലാഷ്.ടി, ഹരിഹരൻ.പി.വി, സി.പി.ഒ. മുഹമ്മദ് ഫറൂഖ്.കെ.എ., കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. ബാബു, സി.പി.ഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ലഹരിയിൽ ട്രിപ്പിളായി വന്ന് കവർച്ച, പ്രതികളെ വളഞ്ഞിട്ട് പോലീസിന്റെ ഡബിൾ ആക്ഷനിൽ ട്രാപ്പിലാകി! പ്രതികൾ റിമാന്റിൽ
