ഇരിങ്ങാലക്കുടയിൽ ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയെ വീട്ടിലെത്താൻ സഹായിക്കാം എന്ന് പറഞ്ഞ് ഓട്ടോ വിളിച്ച് ഓട്ടോയിൽ കയറ്റി കൊണ്ടുപോയി യാത്രക്കിടെ മാല കവർന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പൊള്ളാച്ചി സ്വദേശി അമ്മു (26) വിനെയാണ് ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസത്തിലായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിൽ എത്തിയ ശേഷം മുരിയാട് ഉള്ള വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിന്നിരുന്ന വിയ്യത്ത് തങ്കമണി എന്ന വയോദികയെയാണ് പ്രതികൾ കബളിപ്പിച്ച് ഓട്ടോയിൽ കയറ്റിയത്. തങ്കമണിയെ പ്രതികൾ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട ശേഷമാണ് തട്ടിപ്പ് നടത്തിയത്. ഓട്ടോയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെയാണ് തങ്കമണി മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ കോഴിക്കോട് നിന്നും മറ്റൊരു കേസിൽ പിടിക്കപ്പെട്ട അമ്മുവിനെ തിരിച്ചറിയുകയും ഇരിങ്ങാലക്കുടയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു
മാല മോഷണം: യുവതി അറസ്റ്റിൽ
