പെൺകുട്ടികളെ കമന്റടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പള്ളിനട സ്വദേശി ഊളക്കൽ വീട്ടിൽ സിദ്ധിക്ക് (28) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏഴിന് പൊരിബസാർ വെച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ബൈക്കിൽ വന്ന പ്രതികൾ കമന്റെറടിക്കുന്നത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്താൽ പൊരി ബസാർ സ്വദേശിയായ തോട്ടുങ്ങൽ കണ്ണേഴത്ത് വീട്ടിൽ അമീർ എന്നയാളെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.
സിദ്ധിക്കിനെ സംഭവസ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സിദ്ധിക്കിന് വിവിധ സ്റ്റേഷനുകളിലായി പത്തോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.ഷാജി, സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.