പൈതൃക സ്മാരക സംരക്ഷണത്തിനൊപ്പം പ്രദേശിക വികസനവും മുസിരിസ് പദ്ധതിയുടെ ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്
കൊടുങ്ങല്ലൂർ: സംസ്ഥാനത്തിനുടനീളമുള്ള പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്മാരകങ്ങൾ നിലനിൽക്കുന്ന പ്രദേശത്തേയും അവിടത്തെ സമൂഹത്തേയും ഉൾക്കൊള്ളുന്ന രീതിയാണ് മുസിരിസ് പദ്ധതിയുടെ ലക്ഷ്യമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി പുതുക്കി പണിത ചേരമാൻ ജുമാമസ്ജിദ് കെട്ടിടത്തിന്റേയും കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റേയുമടക്കം വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള ഈ പദ്ധതി ഏറ്റവും കാര്യക്ഷമമായും സമയബന്ധിതമായും പ്രദേശിക ജനതയ്ക്ക് ഉപയുക്തമായും നടപ്പാക്കാൻ സർക്കാർ ശ്രദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കീഴ്ത്തളി ക്ഷേത്രമണ്ഡപം, തിരുവഞ്ചിക്കുളം കനാൽ ഹൗസ്, ഇസ്ലാമിക് ഡിജിറ്റൽ ആർകൈവ്‌സ്, മുസിരിസ് വെബ്‌സൈറ്റ്, വിവിധ ആരാധനാലങ്ങളുടെ അടിസ്ഥാന വികസനങ്ങൾ എന്നിവയുടെയും ഉദ്ഘാടനം പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു. എം.എൽ.എ വി.ആർ സുനിൽ കുമാർ ചടങ്ങിൽ അധ്യക്ഷനായിരിന്നു. ഇന്നലെകളുടെ പൈതൃകത്തെ സംരക്ഷണക്കുന്നതിനൊപ്പം സമൂഹത്തിലെ മതേരത്വവും മൈത്രിയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, പ്രദേശികമായ സഹകണത്തോടെയാണ് മുസിരിസ് പദ്ധതി നടപ്പാക്കുന്നതെന്ന എം.എൽ.എ ചൂണ്ടിക്കാണിച്ചു. മുസിരിസ് പാസ്‌പോർട്ട് എന്ന നവീന പദ്ധതിക്കും ചടങ്ങിൽ തുടക്കമായി. മുസിരിസ് പ്രദേശത്തുള്ള മുപ്പതോളം സ്മാരക /മ്യൂസിയങ്ങൾ സന്ദർശിക്കുന്നതിനായി 500 രൂപ നൽകി മുസിരിസ് പാസ്‌പോർട്ട് എടുത്ത്, ആറു മാസം കാലയളവിനുള്ളിൽ സന്ദർശിക്കുന്ന സഞ്ചാരികളെ മുസിരിസിന്റെ അംബാസിഡർമാരായി പ്രഖ്യാപിക്കുന്ന പദ്ധതിയാണ് ഇത്. ആദ്യ മുസിരിസ് പാസ്‌പോർട്ട് എം.എൽ.എ വി.ആർ സുനിൽകുമാറിന് മ്ന്ത്രി മുഹമ്മദ് റിയാസ് കൈമാറി.
മുസിരിസ് പൈതൃക പദ്ധതി സംബന്ധിച്ച റിപ്പോർട്ട് മനേജിങ് ഡയറക്ടർ ഡോ.മനോജ്കുമാർ കെ അവതരിപ്പിച്ചു. പദ്ധതിയുടെ നിർമ്മാണത്തിൽ കോൺട്രാക്റ്റരായിരുന്ന കെ.ജി.മുരുകൻ, പി.കെ അബ്ദുൾ ലത്തീഫ് എന്നിവരെ വേദിയിൽ മന്ത്രി ആദരിച്ചു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ബിജു, ടൂറിസ് വകുപ്പ് ഡയക്ടർ ശിഖ സുരേന്ദ്രൻ ഡോ.മനോജ്കുമാർ കെ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ ടി.കെ ഗീത, വൈസ് ചെയർപേഴ്‌സൺ അഡ്വ.വി.എസ്.ദിനൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി എന്ന് വിശ്വസിക്കപ്പെടുന്ന വിഖ്യാതമായ ചേരമാൻ പെരുമാൾ പള്ളിയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 1.13 കോടി രൂപയാണ് ചെലവാക്കിയത്. 93.64 കോടി രൂപ ചെലവാക്കി പള്ളിയുടെ ചുറ്റുമതിലും പണികഴിപ്പിച്ചു. കേരളത്തിന്റെ ശ്രേഷ്ഠ പൈതൃക അവശേഷിപ്പുകളിലൊന്നായ കൊടുങ്ങല്ലൂർ ശ്രീ കരുംബ ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുര, ഭണ്ഡാരപ്പുര മാളിക സമുച്ചയത്തിന്റെ സംരക്ഷരണ പദ്ധതിക്ക് 3.23 കോടി രൂപയാണ് ചെലവഴിച്ചത്. ക്ഷേത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണപ്രവർത്തനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയായ കീഴ്തളിക്ഷേത്രത്തിന്റെ ബലിക്കല്ല് മണ്ഡപത്തിന്റെ നിർമ്മാണവും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തി. ചേര കാലത്തെ ക്ഷേത്രങ്ങളുടെ വാസ്തുശൈലിക്ക് സമാനമായാണ് ഈ ബലിക്കൽ മണ്ഡപം നിർമ്മിച്ചിരിക്കുന്നത്. തിരുവഞ്ചിക്കുളത്തെ കനാൽ ഓഫീസ് യഥാർത്ഥത്തിൽ ഡച്ചുകാരാൽ നിർമ്മിതമായതാണ്. ആ ചരിത്ര നിർമ്മിതിയുടേയും സംരക്ഷണം പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു. ഇതുകൂടാതെ തൃകുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃകുലശേഖരപുരം ആഴ്‌വാർ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലെ പ്രദക്ഷിണ പദങ്ങൾ, ആൽത്തറകൾ തുടങ്ങിയ അടക്കം പതിനാറ് ആരാധനാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 3.29 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു.
പൈതൃക സ്മാരക സംരക്ഷണത്തിനൊപ്പം പ്രദേശിക വികസനവും മുസിരിസ് പദ്ധതിയുടെ ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

