തൃശ്ശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം ഫെറി രണ്ടുമാസത്തിൽ അധികമായി സ്തംഭിച്ച സാഹചര്യത്തിൽ ഫെറി സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങളുടെ ഒപ്പ് സമാഹരിച്ച് അഴീക്കോട് മുനമ്പം പാലം സമരസമിതി തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസിന് ഭീമ ഹർജി സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ന്റെ ചേമ്പറിൽ നിവേദന സമർപ്പണ വേളയിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ മേൽപ്പറഞ്ഞ ഫെറി സർവീസ് അടിയന്തിരമായി പുനരാരംഭിക്കുവാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പു നൽകി. അഴീക്കോട് നിന്ന് മുനമ്പത്തേക്ക് ഫെറി സർവീസ് വഴി നാലഞ്ചു മിനിറ്റ് കൊണ്ട് എത്തിയിരുന്നിടത്ത് ഇപ്പോൾ കൊടുങ്ങല്ലൂർ മല്യങ്കര വഴി 15 കിലോമീറ്റർ യാത്ര ചെയ്തു വേണം മുനമ്പത്ത് എത്തുവാൻ എന്ന് സമരസമിതി ജില്ലാ പഞ്ചായത്തിനെ അറിയിച്ചു.ഈ മേഖലയിലുള്ള 500ല് പരം വിദ്യാർത്ഥികൾ, നൂറുകണക്കിന് അധ്യാപകർ, മത്സ്യമേഖലയുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകൾ, മത്സ്യ കച്ചവടക്കാർ, യാത്രക്കാർ തുടങ്ങി വിവിധ തുറകളിൽപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ ഒപ്പുശേഖരിച്ചുകൊണ്ടുള്ള ഭീമഹർജിയാണ്, തയ്യാറാക്കി ബഹുമാനപ്പെട്ട ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്തിനും സമർപ്പിച്ചത്. സമരസമിതി ചെയർമാനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വക്കേറ്റ് ഷാനവാസ് കാട്ടകത്ത്, ചീഫ് കോർഡിനേറ്ററും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി എ സീതിമാസ്റ്റർ,അഴീക്കോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പി എ കരുണാകരൻ, സമരസമിതി ഭാരവാഹികളായ റഷീദ് കടമ്പോട്ട്, എൻ എസ് ശഹാബ്, കെ ടി സുബ്രഹ്മണ്യൻ തൃശ്ശൂർ താലൂക്ക് ഉപദേശക സമിതി അംഗം ജീജ തുടങ്ങിയവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. ഇക്കാര്യത്തിൽ തീർപ്പാവശ്യപ്പെട്ട് സമരസമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ കളക്ടറേറ്റിൽ എത്തി കളക്ടറുടെ അഭാവത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും നിവേദനം നൽകിയിട്ടുണ്ട്
അഴീക്കോട് മുനമ്പം ഫെറി പുനരാരംഭിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്:

