അശ്വതിനാളിൽ രാവിലെ ക്ഷേത്രാധികാരിയായ വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജ പല്ലക്കിൽ ബലിപ്പുരയിൽ എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ഭഗവതിക്ക് ചികിത്സ വിധിക്കുന്ന പാലയ്ക്കൽ വേലൻ ദേവീദാസൻ പടിഞ്ഞാറേനടയിൽ പീഠമിട്ട് ഇരുന്നു. കുന്നത്തുമഠം പരമേശ്വരനുണ്ണി അടികൾ, മഠത്തിൽ മഠം രവീന്ദ്രനാഥനടികൾ എന്നിവർ ചേർന്നാണ് പൂജകൾ നിർവഹിച്ചത്. പുതിയ പൂജാപാത്രങ്ങൾ ഉപയോഗിച്ച് കരിക്കിൻവെള്ളം ചേർത്ത് മഞ്ഞൾപ്പൊടി കുഴമ്പുരൂപത്തിലാക്കി തൃച്ചന്ദനമാക്കി ഭഗവതിക്ക് ആറാടി.ഇതിനിടയിൽ ഉച്ചയോടെ വലിയതമ്പുരാൻ കുഞ്ഞുണ്ണി രാജയ്ക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എ ആർ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. പൂജകൾ പൂർത്തിയാക്കിയ അടികൾമാരും തമ്പുരാൻ ഗോദവർമരാജ ക്ഷേത്രം തന്ത്രി താമരശ്ശേരി മേയ്ക്കാട്ടുമന ശങ്കരൻ നമ്പൂതിരിപ്പാടും മറ്റ് പരിവാരങ്ങളും കിഴക്കേനടയിലൂടെ പുറത്തിറങ്ങി. തമ്പുരാൻ അടികൾമാർക്ക് അധികാരദണ്ഡ് കൈമാറി. തുടർന്ന് നിലപാടുതറയിൽ എഴുന്നള്ളിയ തമ്പുരാൻ ഗോദവർമരാജ കാവുതീണ്ടാൻ അനുമതി നൽകിയതിനെ സൂചിപ്പിച്ച് കീഴ്ശാന്തി ചെമ്പട്ടുകുട ഉയർത്തിക്കാണിച്ചു. ഇതോടെ പടിഞ്ഞാറേനടയിൽ പാലയ്ക്കൽ വേലൻ ആദ്യം കാവുതീണ്ടി. പിന്നാലെ കോമരങ്ങളും ഭക്തരും കാവുതീണ്ടി. നിലപാടുതറയിലെത്തി വലിയ തമ്പുരാന്റെ അനുഗ്രഹം വാങ്ങി.

