സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. ലഹരിമരുന്ന് കേസുകളടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പെരിഞ്ഞനം സ്വദേശി അടിപറമ്പിൽ വീട്ടിൽ ആകാശ് (34) ആണ് അറസ്റ്റിലായത്.
ഇന്നലെ വൈകീട്ട് പുന്നക്കബസാർ റോഡിൽ ഇരുമ്പൻവളവ് എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയിൽ നിന്ന് എം.ഡി.എം.എയും ലഹരിമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിച്ച 3200 രൂപയും പോലീസ് പിടിച്ചെടുത്തു.
കുട്ടികൾക്ക് ലഹരിവസ്തുക്കൾ വിറ്റഴിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി ചുമത്തിയാണ് മതിലകം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ആകാശ് മതിലകം, കയ്പമംഗലം, കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ; മതിലകത്ത് എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

