കൊടുങ്ങല്ലൂർ: തൃശ്ശൂർ, എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ 90 ശതമാനം നിർമ്മാണവും ഇതിനോടകം പൂർത്തിയായി. കേരളത്തിൽ ആദ്യമായി പാലം നിർമ്മാണത്തിന് ‘സെഗ്മെന്റൽ ബോക്സ് ഗർഡർ ലോഞ്ചിങ്’ (Segmental box girder launching) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
കോൺക്രീറ്റ് ഭാഗങ്ങൾ പ്രത്യേക സെഗ്മെന്റുകളായി നിർമ്മിച്ച് അത്യാധുനിക സംവിധാനത്തിലൂടെ ഘടിപ്പിക്കുന്ന രീതിയാണിത്. നിർമ്മാണം വേഗത്തിലാക്കുന്നതിനൊപ്പം കൂടുതൽ കൃത്യത ഉറപ്പാക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല, കായലിലൂടെയുള്ള ഗതാഗതത്തിന് ഇത് തടസ്സം സൃഷ്ടിക്കുന്നില്ല. അതിനാൽ നിർമ്മാണഘട്ടത്തിൽപ്പോലും മത്സ്യബന്ധന ബോട്ടുകൾക്കും മറ്റ് ജലയാനങ്ങൾക്കും യാതൊരു ബുദ്ധിമുട്ടുമില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്നുണ്ട്.
പാലത്തിന്റെ നിർമ്മാണ പുരോഗതിയും നൂതന സാങ്കേതികവിദ്യയും വിലയിരുത്താൻ ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്റർ ഭാരവാഹികൾ കഴിഞ്ഞ ദിവസം പാലം സന്ദർശിച്ചിരുന്നു. ജിബു മാത്യു, ജോസ് ബാബു, പ്രിൻസ് ജോസഫ്, ജോളി വർഗീസ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. നിർമ്മാണ ചുമതലയുള്ള ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ സജി ചെറിയാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ മുകുന്ദൻ, പൊതുമരാമത്ത് മുൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ അബ്ദുൽ നാസർ എന്നിവർ ചേർന്ന് നിർമ്മാണ പുരോഗതിയും പുതിയ സാങ്കേതികവിദ്യയും സംഘത്തിന് വിശദീകരിച്ചു നൽകി.
പാലം യാഥാർത്ഥ്യമാകുന്നതോടെ തീരദേശ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെടും. ഇതിനുപുറമെ മത്സ്യബന്ധനം, വ്യാപാരം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്കും ഇത് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതും കാത്തിരിക്കുകയാണ് ഇരു ജില്ലകളിലെയും തീരദേശ ജനത.
അഴീക്കോട് – മുനമ്പം പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയായി

