കൈപ്പമംഗലം: കൈപ്പമംഗലം പഞ്ചായത്തിലെ പ്രധാന തീരദേശ റോഡുകളിലൊന്നായ മൂന്നുപീടിക ബീച്ച് റോഡ് മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും മഴവെള്ളം കെട്ടിനിൽക്കുകയും ചെയ്തതോടെ കാൽനടയാത്രയും വാഹനഗതാഗതവും പൂർണ്ണമായും ദുഷ്കരമായ അവസ്ഥയിലാണ്.
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് മുൻപ് നാട്ടുകാർ റോഡിൽ വാഴനട്ടും റോഡ് ഭാഗികമായി അടച്ചും പ്രതിഷേധിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് നാട്ടുകാർ നേരിട്ടിറങ്ങിയത്.
പ്രദേശവാസികളും യൂണിയൻ പ്രവർത്തകരും ചേർന്ന് സ്വന്തമായി ഫണ്ട് സ്വരൂപിച്ച് ക്വാറി വേസ്റ്റ് എത്തിച്ച് റോഡിലെ കുഴികൾ താൽക്കാലികമായി നികത്തുകയായിരുന്നു. എന്നാൽ ഇത് താൽക്കാലിക പരിഹാരം മാത്രമാണെന്നും മഴ ശക്തമാകുന്നതോടെ റോഡ് വീണ്ടും തകരുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. തീരദേശവാസികളുടെ പ്രധാന ആശ്രയമായ ഈ റോഡ് ശാശ്വതമായി പുനരുദ്ധരിക്കാൻ പഞ്ചായത്ത് അടിയന്തരമായി ഫണ്ട് അനുവദിച്ച് നിർമ്മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
മൂന്നുപീടിക ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ: നാട്ടുകാർ സ്വന്തം ചെലവിൽ കുഴികളടച്ചു; പ്രതിഷേധം ശക്തം

