കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള നടതുറപ്പ് ശനിയാഴ്ച നടക്കും. അശ്വതി നാളിലെ തൃച്ചന്ദനച്ചാർത്ത് പൂജയുടെയും കാവുതീണ്ടലിന്റെയും ഭാഗമായി അടച്ച ക്ഷേത്രനട പൂയം നാളായ ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ തുറന്ന് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. സർവാഭരണവിഭൂഷിതയായാണ് ഭഗവതി ദർശനം നൽകുന്നത്.
നടതുറപ്പ് ദിവസം രാത്രി ഗുരുതി സമാപിക്കുന്നതുവരെയുള്ള ചടങ്ങുകൾ ഒന്നുകുറെ ആയിരം യോഗത്തിന്റെ വകയാണ്. രാവിലെയും വൈകീട്ടും സമ്പൂർണ്ണ നെയ്‌വിളക്ക്, പുഷ്പാലങ്കാരം, രാത്രിയിലെ ഗുരുതി എന്നിവയും ഒന്നുകുറെ ആയിരം യോഗമാണ് നടത്തിവരുന്നത്.
ചടങ്ങുകൾക്കായി പുലർച്ചെ മൂന്നിന് ക്ഷേത്രം അടിച്ചുതളിക്കാരൻ കിഴക്കേനടയിലെ യോഗം ഓഫീസിനു സമീപത്തെത്തി ശംഖ് വിളിച്ച് പാണി കൊട്ടി അറിയിക്കുന്നതോടെ യോഗം പ്രതിനിധികൾ ക്ഷേത്രത്തിലേക്കെത്തും. ഇതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ചെറുഭരണി കൊടികയറിയാൽ നടത്താത്ത വലിയ ഗുരുതി വഴിപാട് നടതുറപ്പ് ദിവസം പുനരാരംഭിക്കും.
ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ നടതുറപ്പ് നാളെ

