കൊടുങ്ങല്ലൂർ: തീരദേശവാസികളുടെ ദീർഘകാലത്തെ സ്വപ്നമായ മുനമ്പം-അഴീക്കോട് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ അവസാന ഘട്ടത്തിലേക്ക്. പാലം മുനമ്പം ഭാഗത്തെ കരയോട് ബന്ധിപ്പിക്കാൻ ഇനി വെറും മൂന്ന് ഗിർഡറുകൾ കൂടി സ്ഥാപിച്ചാൽ മതിയാകും. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലങ്ങളിൽ ഒന്നായ ഈ പദ്ധതി അടുത്ത വർഷം സർക്കാർ വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നാണ് സൂചനകൾ.
നിലവിൽ പാലത്തിന്റെ അഴീക്കോട് ഭാഗത്തെ ഗിർഡറുകൾ സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഈ ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇനി മുനമ്പം ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികളാണ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് സമയത്ത് നിർമ്മാണ സൈറ്റിൽ ജോലി ചെയ്തിരുന്ന അറുപതോളം ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് പണികളുടെ വേഗതയെ നേരിയ രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ തൊഴിലാളികൾ ഭാഗികമായി തിരിച്ചെത്തിയതോടെ ജോലികൾ വീണ്ടും സജീവമായി പുരോഗമിക്കുകയാണ്.
വൈപ്പിൻ നിവാസികളിൽ ആശങ്ക
പാലം യാഥാർത്ഥ്യമാകുന്നതോടെ വൈപ്പിൻ സംസ്ഥാനപാതയിൽ അനുഭവപ്പെടാൻ സാധ്യതയുള്ള കനത്ത ഗതാഗതക്കുരുക്കിനെക്കുറിച്ച് നാട്ടുകാരിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിൽ സർക്കാർ തലത്തിൽ ഇതുവരെ ചർച്ചകൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ഇതിന് പരിഹാരമായി തീരദേശ ഹൈവേയുടെ വൈപ്പിൻ റീച്ചിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ദ്വീപുനിവാസികളുടെ പ്രധാന ആവശ്യം.
മുനമ്പം-അഴീക്കോട് പാലം നിർമ്മാണം അവസാന ഘട്ടത്തിലേക്ക്

