കൈപ്പമംഗലം: കൈപ്പമംഗലത്ത് വീണ്ടും തെരുവ് നായ ആക്രമണം. കൈപ്പമംഗലം ബീച്ചിലെ കോഴിപറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പ്രദേശവാസികളായ പള്ളത്ത് നിർമല, കൈതവളപ്പിൽ സനേഖ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. നായയുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തളിക്കുളം അനിമൽ സ്ക്വാഡ് സ്ഥലത്തെത്തി.
വാർഡ് മെമ്പർ പി.ടി. രാമചന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാരും അനിമൽ സ്ക്വാഡും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ആക്രമണം നടത്തിയ തെരുവ് നായയെ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അധികൃതർ ശാശ്വതമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കൈപ്പമംഗലത്ത് തെരുവ് നായയുടെ ആക്രമണം; രണ്ട് സ്ത്രീകൾക്ക് കടിയേറ്റു, നായയെ പിടികൂടി

