തൃശൂർ : തൃശൂരിൽ തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിർമ്മാണത്തിനിടെ സ്‌ഫോടനം നടന്ന് നിരവധി പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കാൻ ആലോചന.
അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ കൈക്കൊള്ളും.
മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടേയും ഘടക ക്ഷേത്രങ്ങളുടെയും യോഗം വിളിക്കും.
അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം അടക്കം ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. അപകടത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
പൂരം നടത്തിപ്പ് സംബന്ധിച്ച് സർക്കാർ തീരുമാനം അംഗീകരിക്കുമെന്ന് പറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൂരം ചടങ്ങുകളോടെ നടത്തണമെന്ന് പറഞ്ഞാൽ ആചാരവും ജനങ്ങളുടെ വികാരവും കണക്കിലെടുത്ത് തീരുമാനമെടുക്കും.
രാജ്യത്ത് പൗരന്മാർ എന്ന നിലയിൽ സർക്കാരിന്റെ തീരുമാനം അംഗീകരിക്കും. ഇന്ന് വൈകുന്നേരം പാറമേക്കാവ് ദേവസ്വം യോഗം ചേരും. തിരുവമ്പാടി ദേവസ്വം അധികൃതരുമായി ഇന്നലെ സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ എന്ത് തീരുമാനമെടുത്താലും അംഗീകരിച്ചു മുന്നോട്ട് പോകുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. ദേശത്തെ ആളുകളുമായി ചർച്ച നടത്തും. മറ്റുകാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാൻ സമയം കിട്ടിയിട്ടില്ല.
തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റിയിൽപെട്ടവരും അപകട സമയത്ത് അവിടെ ഉണ്ടായിരുന്നു. ഒരാളുടെ മരണം സ്ഥിരീകരിച്ചുവെന്നും ഗിരീഷ് കുമാർ പറഞ്ഞു.
വെടിക്കോപ്പ് നിർമ്മാണത്തിനിടെ സ്‌ഫോടനം; തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കാൻ ആലോചന

