1984 മെയ് 31 ന് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ പുണ്യശ്ലോകനായ മാർ ജയിംസ് പഴയാറ്റിൽ പിതാവിനാൽ ആ ശീർവ്വാദകർമ്മം നിർവഹിച്ച കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയം 40 -ാംവർഷത്തിലേക്കു പ്രവേശിക്കുന്നു.ആരംഭകാലത്ത് അഴീക്കോട് മാർ തോമ തീർത്ഥാടന കേന്ദ്രത്തിലെ വൈദികരാണ് ഇടവകയിൽ അജപാലന ശുശ്രൂഷ നിർവ്വഹിച്ചിരുന്നത്. തുടർന്ന് ഇരിങ്ങാലക്കുട രൂപത വൈദികർ അജപാലന ശുശ്രൂഷ നിർവഹിച്ചു വരുന്നു. കൊടുങ്ങല്ലൂർ മുൻസിപ്പൽ പരിധിയിലും എറിയാട്, എടവിലങ്ങ് പഞ്ചായത്ത് പരിധിയിലും ഉള്ള സീറോ മലബാർ സഭാ വിശ്വാസികളുടെ ഇടവക ദൈവാലയമാണ് കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് പള്ളി.
ഇരിങ്ങാലക്കുട രൂപതരൂപീകൃതമായപ്പോൾ തന്നെ മാർ തോമ സുറിയാനി നസ്രാണി പാരമ്പര്യം പേറുന്ന ഒരു ഇടവക ദൈവാലയം കൊടുങ്ങല്ലൂരിൽ ആരംഭിക്കണമെന്ന് അഭിവന്ദ്യ മാർ ജയിംസ് പഴയാറ്റിൽ പിതാവ് ആഗ്രഹിച്ചു. പിതാവിൻ്റെ പരിശ്രമഫലമായി ദൈവത്തിൻ്റെ നാട് എന്നർത്ഥമുള്ള എൽതുരുത്തിൽ സ്ഥലം വാങ്ങുകയും ഒരു പള്ളി സ്ഥാപിക്കുകയും അതിനെ ഇരിങ്ങാലക്കുട രൂപതയിലെ ഇടവകയായി ഉയർത്തുകയും ചെയ്തു
കൊടുങ്ങല്ലൂരിലെ ചിതറിക്കപ്പെട്ടു കിടന്നിരുന്ന സീറോ മലബാർ വിശ്വസികളെ ഒന്നിച്ചു ചേർത്ത് ഒരു ഇടവക സമൂഹമായി വളർത്തി കൊണ്ടുവരുന്നതിൽ കാലാകാലങ്ങളിൽ ഇവിടെ ശുശ്രൂഷ ചെയ്തിരുന്ന വൈദികർ അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട്. ചെറിയ അജപാലന സമൂഹമാണെങ്കിലും ഒരു ഇടവക സമൂഹമെന്ന നിലയിൽ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു കൊണ്ടു് ജീവിതം നയിക്കുന്നു. ഇപ്പോൾ ഈ ഇടവകയിൽ 130 കുടുംബങ്ങളും 550ഇടവകാംഗങ്ങളും ഉണ്ടു്. മൂന്ന് കുടുംബയൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. അഴീക്കോട് മാർ തോമ തീർത്ഥാടന കേന്ദ്രവും ആറ് കോൺവെൻ്റുകളും ഇടവകയിൽപ്രവർത്തിക്കുന്നു. മനോഹരമായ ഗ്രേട്ടോയും പള്ളി അകത്തെ വിശുദ്ധതോമ ശ്ലീഹയുടെ പ്രേഷിത പ്രവർത്തനങ്ങൾ ആലേഖനം ചെയ്ത ചുമർ ചിത്രങ്ങളും അനേകരെ ആകർഷിക്കുന്നു. ക്രിസ്തുവിൻ്റെ 12 അപ്പസ്തോലന്മാരുടെയും തിരുശേഷിപ്പുകൾ ക്രൈസ്തവവിശ്വാസത്തിൻ്റെ പിള്ളത്തൊട്ടിലായ കൊടുങ്ങല്ലൂരിലെ ഈ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
റൂബി ജൂബിലിക്ക് ഒരുക്കമായി ഇടവക ദൈവാലയും പരിസരങ്ങളും മനോഹരമായി സജ്ജീകരിക്കപ്പെട്ടു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടു ഇടവക വികാരി റവ:ഫാ : റാഫേൽ പഞ്ഞിക്കാരൻ പതാക ഉയർത്തി. ഇടവകയിലെ എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ജൂബിലി പതാക ഉയർത്തി.. ജൂബിലിയോടനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ബഹു: വികാരി ഫാ.റാഫേൽ പഞ്ഞിക്കാരൻ ചെയർമാനായും കൈകാരന്മാരായ ശ്രീ. ഗിൽബർട്ട് ചിറക്കൽ, ശ്രീ. ജോമോൻ കൂരൻ, ശ്രീ. ജോസ് മാത്യു തോട്ടനാനിയിൽ, ബഹു. മദർമാർ വൈസ് ചെയർമാന്മാരായും ശ്രീ. ആൻറണി പടമാടൻ ജനറൽ കൺവീനറായും വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു
കൊടുങ്ങല്ലൂർ സെൻറ് മേരീസ് ദൈവാലയം റൂബി ജൂബിലി നിറവിൽ

