മതിലകം: മതിലകം പഞ്ചായത്തിലെ കഴുവിലങ്ങ് പ്രദേശത്ത് നീർനായ ശല്യം രൂക്ഷമാകുന്നു. ഇതോടെ പ്രദേശത്തെ മത്സ്യകർഷകർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. നിരവധി കുളങ്ങളിലെ മത്സ്യങ്ങളെ നീർനായകൾ കൂട്ടമായെത്തി ഭക്ഷിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കഴുവിലങ്ങ് സ്വദേശി മണക്കാട്ട് പാർത്തസാരഥിയുടെ മത്സ്യകൃഷി നടത്തുന്ന കുളത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിട്ടുള്ളത്. വിലകൂടിയ മത്സ്യങ്ങളെ ഉൾപ്പെടെ നീർനായകൾ ഭക്ഷിച്ച് നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പകൽ സമയങ്ങളിൽ പോലും ഇവയുടെ സാന്നിധ്യമുണ്ട്. കുളത്തിൽ കുളിക്കാനോ മറ്റോ ഇറങ്ങാൻ ശ്രമിക്കുമ്പോൾ നീർനായകൾ ചീറ്റി അടുത്തുവരുന്ന ഭീതിജനകമായ അവസ്ഥയുമുണ്ട്. പെരുന്തോട്ടിലും സമീപത്തെ തോടുകളിലും കുളങ്ങളിലും ഇവയെ പതിവായി കാണാറുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
തുടർന്ന് പാർത്തസാരഥി വനംവകുപ്പിൽ പരാതി നൽകി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുളങ്ങളും പരിസര പ്രദേശങ്ങളും പരിശോധിച്ചു. സാധാരണയായി പുഴയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് നീർനായകളെ കാണാറുള്ളതെന്നും, ഇത്തരം ഒരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രശ്നത്തിന് അടിയന്തര പരിഹാരമായി കുളങ്ങളിൽ കൂടുകൾ സ്ഥാപിച്ച് നീർനായകളെ പിടികൂടാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ജനങ്ങൾ തന്നെ നേരിടേണ്ടി വരുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
മതിലകത്ത് ജലാശയങ്ങളിൽ നീർനായ ശല്യം രൂക്ഷം;

