കൈപ്പമംഗലം: തകർന്നുകിടക്കുന്ന ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൈപ്പമംഗലം ചളിങ്ങാട് മേഖലയിൽ ഹർത്താലും റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടന്നു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു ഹർത്താൽ.
മാസങ്ങൾക്ക് മുൻപ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായാണ് ഇവിടെ റോഡ് പൊളിച്ചത്. എന്നാൽ പൈപ്പ് ഇടുന്ന പണി പൂർത്തിയായിട്ടും റോഡ് പൂർണമായി പുനസ്ഥാപിക്കുകയോ ടാറിങ് നടത്തുകയോ ചെയ്തിരുന്നില്ല. മഴ ശക്തമായതോടെ റോഡിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും കാൽനടയാത്രക്കാരും വാഹനങ്ങളും ഒരുപോലെ ദുരിതത്തിലാവുകയും ചെയ്തു.
റോഡ് ടാറിങ്ങിനുള്ള കരാർ നൽകിയിട്ടുണ്ടെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കരാറുകാരൻ പണി ആരംഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും പലതവണ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമാകാത്തതിനെ തുടർന്നാണ് ആക്ഷൻ കൗൺസിൽ സമരരംഗത്തേക്ക് ഇറങ്ങിയത്.
മുമ്പ് വെള്ളക്കെട്ടിൽ വഞ്ചിയിറക്കിയും പോത്തിനെ കുളിപ്പിച്ചും വ്യത്യസ്തമായ രീതിയിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നത്തെ ഹർത്താലും റോഡ് ഉപരോധവും. ചളിങ്ങാട് പള്ളിവളവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കാക്കാതിരുത്തി പള്ളിവളവ് ചുറ്റി തിരികെ ചളിങ്ങാട്ടിൽ സമാപിച്ചു. പ്രദേശത്തെ വ്യാപാരികൾ കടകളടച്ചും നാട്ടുകാർ നേരിട്ട് പങ്കെടുത്തും ഹർത്താലിന് പൂർണ പിന്തുണ നൽകി.
തകര്‍ന്നുകിടക്കുന്ന റോഡ് അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ സംഘടിപ്പിച്ചു

