കൊടുങ്ങല്ലൂർ: ദേശീയപാത-66 വികസന പദ്ധതിയുടെ ഭാഗമായി എസ്.വി.യു.പി. (SVUP) നിർമ്മാണ പ്രവർത്തനങ്ങൾ കൊടുങ്ങല്ലൂർ മേഖലയിൽ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരതീയ ജനതാ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും പൊതുജനങ്ങൾക്ക് സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ദേശീയപാതയോരത്തെ ഗതാഗത തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
എന്നാൽ, കൊടുങ്ങല്ലൂർ DYSP ഓഫീസിന് പടിഞ്ഞാറ് ഭാഗത്ത് പോലീസ് കസ്റ്റഡിയിലുള്ള നിരവധി വാഹനങ്ങൾ ദീർഘകാലമായി റോഡരികിൽ കിടക്കുന്നതിനാൽ റോഡിന്റെ ഉപയോഗയോഗ്യമായ വീതി ഗണ്യമായി കുറയുകയും വാഹനഗതാഗതം പ്രതിസന്ധിയിലാകുകയും ചെയ്തിരിക്കുകയാണ്. നിലവിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വലിയ വാഹനങ്ങളും ഭാരമേറിയ യന്ത്രസാമഗ്രികളും ഇതുവഴി നിരന്തരം സഞ്ചരിക്കുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്കും അപകടസാധ്യതയും ദിനംപ്രതി വർധിച്ചുവരുന്നതായി ബിജെപി മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.
ദേശീയപാത നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, DYSP ഓഫീസിന് സമീപം റോഡരികിൽ കിടക്കുന്ന പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ എത്രയും വേഗം അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി റോഡ് പൂർണമായും തടസ്സരഹിതമാക്കുന്നതിനുള്ള അടിയന്തര നടപടി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്ന് ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയും ദേശീയപാത അതോറിറ്റിയും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകേണ്ടിവരുമെന്നും ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ് പ്രസ്താവനയിൽ അറിയിച്ചു.
ദേശീയപാത നിർമാണത്തിന് തടസ്സം. DYSP ഓഫീസിലെ കസ്റ്റഡി വാഹനങ്ങൾ മാറ്റണം: ബിജെപി

