കൊടുങ്ങല്ലൂർ: ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ സൂര്യ ഉണ്ണികൃഷ്ണനു ലഭിച്ചത് യാത്രക്കിടെ നഷ്ടപ്പെട്ട സ്വർണ്ണ കൈചെയിൻ. ചോറ്റാനിക്കര സ്വദേശിനിയായ സൂര്യ ഉണ്ണികൃഷ്ണൻ ജോലി ചെയ്യുന്നത് അഴിക്കോട് ഗവ.ആയുർവേദ ആശുപത്രിയിലാണ്. രാവിലെ തന്നെ വൈറ്റിലയിൽ നിന്നുള്ള ബസിൽ കയറി കൊടുങ്ങല്ലൂർ എത്തുന്ന ഇവർ 6.40 നുള്ള അശ്വമേധം ബസ്സിലാണ് സ്ഥിരമായി ജോലിസ്ഥലത്തേക്ക് പോകാറുള്ളത്. ഇന്ന് രാവിലെ പതിവുപോലെ യാത്ര ചെയ്തു അഴിക്കോട് എത്തിയപ്പോഴാണ് കൈചെയിൻ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേ തുടർന്നു ഉടൻ തന്നെ കൊടുങ്ങല്ലൂർ തെക്കേ നടയിലെത്തി ബസ് കാത്ത് നിന്നിരുന്ന സ്ഥലത്തു പരിശോധിച്ചു. ഈ സമയത്ത് അഴിക്കോടേക്കുള്ള സുഹൈൽ ബസ് കാണുകയും അശ്വമേധം ബസ് കണ്ടക്ടറുടെ നമ്പർ നൽകുകയും ഉടൻ തന്നെ വിളിച്ചു ഇക്കാര്യം അറിയിക്കുകയും ചെയ്തു.ഈ സമയം കൊണ്ട് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പോയി സ്വർണ്ണം നഷ്ടപ്പെട്ട കാര്യം പറഞ്ഞു. ഉടൻ തന്നെ ബസ് ജീവനക്കാർ വിളിച്ചു കൈചെയിൻ കിട്ടിയെന്നു അറിയിക്കുകയും ചെയ്തു. ഇവർ ഇരുന്നിരുന്ന സീറ്റിന്റെ അടിയിൽ നിന്നാണ് കൈചെയിൻ ലഭിച്ചതെന്ന് കണ്ടക്ടർ അനിൽ, ഡ്രൈവർ സജിമോൻ എന്നിവർ പറഞ്ഞു. ഇവർ യാത്ര ചെയ്തു കഴിഞ്ഞതിനു ശേഷം തിരക്കുള്ള റൂട്ട് ആയിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് കൈചെയിൻ തിരികെ ലഭിച്ചതെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി. അഴിക്കോട് വെച്ച് നഷ്ടപ്പെട്ട സ്വർണ്ണ ചെയിൻ ബസ് ജീവനക്കാരായ സജിമോൻ, അനിൽ എന്നിവർ ചേർന്ന് ഉടമ സൂര്യ ഉണ്ണികൃഷ്ണനു കൈമാറി. സ്വർണ്ണത്തിനു വില വർധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സത്യസന്ധത കൈവിടാതെ സ്വർണ്ണ ചെയിൻ ഉടമക്കു കൈമാറിയ പ്രവൃത്തി പൊതുസമൂഹത്തിനു തന്നെ വലിയ മാതൃകയാണ്.
നഷ്ടപ്പെട്ട സ്വർണ്ണച്ചെയിൻ തിരികെ നൽകി ബസ് ജീവനക്കാർ

