കൊടുങ്ങല്ലൂർ: തീരക്കടലിലെ അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി അഴീക്കോട് ലൈറ്റ് ഹൗസ്, ചേറ്റുവ അഴിമുഖം എന്നിവിടങ്ങളിൽ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റിന്റെയും കോസ്റ്റൽ പോലീസിന്റെയും സംയുക്ത മിന്നൽ കോമ്പിങ് ഓപ്പറേഷൻ. തീരത്തോട് ചേർന്ന് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ സംഘം നടപടി സ്വീകരിച്ചു.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തുക, അനുവദനീയമല്ലാത്ത ചെറിയ കണ്ണിവലിപ്പമുള്ള വലകൾ ഉപയോഗിക്കുക, ട്രോളിങ് നിരോധനമുള്ള 20 മീറ്ററിൽ താഴെ ആഴമുള്ള മേഖലകളിൽ മത്സ്യബന്ധനം നടത്തുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഫിഷറീസ് പട്രോളിങ് ബോട്ട് സമീപത്തെത്തിയതോടെ നിയമലംഘനം നടത്തിയിരുന്ന ബോട്ടുകൾ വലകൾ മുറിച്ചുമാറ്റി അമിതവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മത്സ്യബന്ധന വലകളും അനുബന്ധ ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഈ വലകളിൽ നിന്ന് ലഭിച്ച മത്സ്യം ലേലം ചെയ്തതിലൂടെ കിട്ടിയ 17,000 രൂപ ഉദ്യോഗസ്ഥർ ട്രഷറിയിൽ അടച്ചു. കടന്നുകളഞ്ഞ ബോട്ടുകൾ കണ്ടെത്തുന്നതിനും അവർക്കെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
തൃശ്ശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് എസ്-ന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഫിഷറീസ് സ്റ്റേറ്റ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ സുരേഷ്, അഴീക്കോട് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സവാദ്, ഫിഷറീസ് ഓഫീസർ അൻസിൽ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫീസർമാരായ ഷിനിൽ കുമാർ ഇ.ആർ, ഷൈബു വി.എം, കോസ്റ്റൽ പോലീസ് സിപിഓമാരായ സജിത്ത്, സൂരജ്, സ്രാങ്ക് ദേവസി സി എന്നിവർക്കും റെസ്ക്യൂ ഗാർഡുകൾക്കുമൊപ്പമായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും കടലിൽ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അനധികൃത മത്സ്യബന്ധനം: ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റിന്റെ മിന്നൽ പരിശോധന

