തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ഓണച്ചന്തകൾ ഓഗസ്റ്റ് 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മഞ്ഞക്കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കും.
ഓണക്കിറ്റിൽ 16 ഇനം ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തുമെന്നും ഓണസദ്യയ്ക്കാവശ്യമായ എല്ലാ പ്രധാന സാധനങ്ങളും കിറ്റിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ സബ്സിഡി നിരക്കിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കും.
ഓണം ട്രേഡ് ഫെയറുകൾ ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും. അടുത്ത വർഷം മുതൽ കൂടുതൽ പേർക്ക് ഓണക്കിറ്റ് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വിലക്കയറ്റം തുടരുന്നതിനിടെയാണ് ഓണച്ചന്തയും ഓണക്കിറ്റ് വിതരണവും സംബന്ധിച്ച പ്രഖ്യാപനം. അതേസമയം, സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ വകുപ്പുകൾ ചെലവ് നിയന്ത്രിക്കണമെന്ന് ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് പരിധി കവിയരുതെന്നും സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും മാറ്റിവയ്ക്കാൻ കഴിയുന്ന അറ്റകുറ്റപ്പണികൾ തൽക്കാലം മാറ്റിവയ്ക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. അധികമായി വരുന്ന ജീവനക്കാരെ പിരിച്ചുവിടാതെ പുതിയ ഒഴിവുകളിലേക്ക് നിയമിക്കാമെന്നും ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഓണക്കാല വിപണി ഓഗസ്റ്റ് 8 മുതൽ ആരംഭിക്കും

