പറവൂർ: വഴിയിൽ തകരാറിലായ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിൽ താത്കാലികമായി അറ്റകുറ്റപ്പണി നടത്തി. ദേശീയപാത 66-ൽ പറവൂർ – മൂത്തകുന്നം റൂട്ടിലെ തുരുത്തിപ്പുറത്ത് വെച്ചാണ് എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ എയർ പൈപ്പ് പൊട്ടി വഴിയിലായത്.
സംഭവം നടന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള പറവൂർ ഡിപ്പോയിൽ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും മെക്കാനിക് എത്തിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു. റോഡിൽ ബസ് കുടുങ്ങിയതോടെ മേഖലയിൽ ഗതാഗത തടസ്സവുമുണ്ടായി.
ഇതിനിടെ കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിലുണ്ടായിരുന്നയാളും മറ്റൊരു വഴിയാത്രികനും ചേർന്ന് ബസ്സിന്റെ തകരാർ താത്കാലികമായി പരിഹരിക്കുകയായിരുന്നു. തുടർന്ന് ബസ് സമീപത്തെ സെന്റ് ലൂയിസ് പള്ളിയങ്കണത്തിലേക്ക് മാറ്റി. എന്നാൽ, പൊട്ടിയ എയർ പൈപ്പ് ഡിപ്പോയിൽ ലഭ്യമായിരുന്നില്ലെന്നും ചെറായിയിലെ കടയിൽ നിന്ന് പുതിയ എയർ പൈപ്പ് വാങ്ങിയെത്തിക്കാനുള്ള കാലതാമസം മൂലമാണ് മെക്കാനിക് എത്താൻ വൈകിയതെന്നും കെ.എസ്.ആർ.ടി.സി അധികൃതർ വിശദീകരിച്ചു. പിന്നീട് തകരാർ പൂർണ്ണമായി പരിഹരിച്ച് ബസ് ഡിപ്പോയിലേക്ക് മാറ്റി.
പറവൂരിൽ KSRTC ബസ് വഴിയിൽ കുടുങ്ങി: റിപ്പയറിങ് നടത്തിയത് വഴിയാത്രക്കാര്‍

