കൊടുങ്ങല്ലൂർ : മദ്യപിച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ബാറിനുള്ളിൽ വെച്ച് കൊടുങ്ങല്ലൂർ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി പത്താഴക്കാട്ടൽ വീട്ടിൽ ശ്യാംജിത്ത് (41) എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി പാറക്കൽ വീട്ടിൽ അഖിൽ (23) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.
2026 സെപ്റ്റംബർ 26-ന് രാത്രി 10.30 മണിയോടെ നാരായണമംഗലം പോളക്കുളത്തുള്ള ബാറിനുള്ളിൽ വെച്ചാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനായി നിൽക്കുകയായിരുന്ന പരാതിക്കാരനെ പ്രതികൾ ബാറിനുള്ളിൽ കിടന്നിരുന്ന കസേര ഉപയോഗിച്ച് അടിക്കുകയും, അവിടെ ഉണ്ടായിരുന്ന ഗ്ലാസ് എടുത്തെറിയുകയും സോഡാക്കുപ്പി ഉപയോഗിച്ച് മുഖത്തടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും മറ്റും ചെയ്താണ് ആക്രമിച്ചത്. ആക്രമണത്തിൽ പരാതിക്കാരന്റെ ഇടതുഭാഗത്തെ കവിളെല്ലിനും വാരിയെല്ലിനും പൊട്ടലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു.
അഖിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, ആയുധ നിയമ പ്രകാരമുള്ള കേസിലും, ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസിലും, വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ കേസിലും, മൂന്ന് അടിപിടിക്കേസിലും, ആശുപത്രിയിൽ അതിക്രമിച്ച് കയറി ജീവക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലും, മനുഷ്യ ജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത രണ്ട് കേസിലും അടക്കം പത്ത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. കൂടാതെ കാപ്പ നിയമപ്രകാരമുള്ള നാടുകടത്തലിനും കരുതൽ തടങ്കൾ നടപടിക്കും വിധേയനാക്കിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ഐ എബിനും സംഘവുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ബാറിൽ ആക്രമണം; റൗഡി അഖിൽ പിടിയിൽ

