കൊടുങ്ങല്ലൂർ: മത്സ്യ വഞ്ചിയിൽനിന്ന് എഞ്ചിനും നീട്ടുവലയും മോഷ്ടിക്കുകയും വഞ്ചി മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.
കുളിമുട്ടം തട്ടുങ്ങൾ വീട്ടിൽ ആലിപറമ്പിൽ അൽത്താഫ് (26) ആണ് അറസ്റ്റിലായത്.
കോട്ടപ്പുറം മാണിക്യപ്പാലം സ്വദേശി പെരിങ്ങാട്ട് വീട്ടിൽ വിശാഖിന്റെ (25) പിതാവിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയിൽനിന്ന് പ്രതി, 25,000 രൂപ വിലവരുന്ന ലംബാർഡിൻ എഞ്ചിൻ മോഷ്ടിക്കുകയും വഞ്ചി മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് അതേ ദിവസം രാത്രി 10.30 മണിയോടെ വി.പി. തുരുത്തിൽ കെട്ടിയിരുന്ന മേത്തല വി.പി. തുരുത്ത് സ്വദേശി കടവിൽ വീട്ടിൽ അൻസാറിന്റെ (50) ഉടമസ്ഥതയിലുള്ള വഞ്ചിയിൽനിന്ന് 10,000 രൂപ വിലവരുന്ന നീട്ടുവലയും മോഷ്ടിച്ചു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അൽത്താഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അൽത്താഫ് കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം, മാള, നെടുപുഴ, കാസർഗേഡ് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് കവർച്ചക്കേസിലും, ഒരു വധശ്രമക്കേസിലും അടക്കം പന്ത്രണ്ട് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
വഞ്ചിയിൽനിന്ന് എഞ്ചിനും വലയും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

