കൊച്ചി: അഴീക്കോട് മുതൽ കൈപ്പമംഗലം വരെയുള്ള തീരപ്രദേശങ്ങളിലെ രൂക്ഷമായ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള 320 കോടി രൂപയുടെ ടെട്രാപോഡ് നിർമ്മാണ പദ്ധതിയിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. പദ്ധതിക്ക് അടിയന്തര അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ച കോടതി, വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഇറിഗേഷൻ ചീഫ് എൻജിനീയർക്ക് കർശന നിർദ്ദേശം നൽകി.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ തീരപ്രദേശങ്ങളിൽ കടലാക്രമണത്തെ തുടർന്ന് ആയിരത്തോളം വീടുകൾക്കാണ് വലിയ തോതിൽ നാശനഷ്ടമുണ്ടായത്. മുൻപ് കടൽക്ഷോഭം തടയുന്നതിനായി വിവിധ ഇടങ്ങളിൽ മണൽ നിറച്ച ജിയോ ബാഗുകൾ സ്ഥാപിക്കാൻ കോടികൾ ചെലവഴിച്ചിരുന്നെങ്കിലും കാര്യമായ ഫലം ഉണ്ടായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തുടർന്ന്, ദേശീയ കടൽതീര ഗവേഷണ കേന്ദ്രം ഈ പ്രദേശങ്ങളിൽ വിശദമായ പഠനവും പരിശോധനയും നടത്തിയിരുന്നു. ഇടവിലങ്ങ്, എറിയാട് പഞ്ചായത്തുകളിലെ തീരപ്രദേശങ്ങൾ തീവ്ര കടൽക്ഷോഭ മേഖലകളാണെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇവിടങ്ങളിൽ പരമ്പരാഗത കരിങ്കൽ ഭിത്തിക്ക് പകരം ടെട്രാപോഡുകൾ നിർമ്മിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് പഠന റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
എന്നാൽ, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 320 കോടി രൂപയുടെ പദ്ധതി നിർദ്ദേശം സർക്കാരിന് സമർപ്പിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും യാതൊരു തുടർനടപടികളും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് എറിയാട് മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘം സെക്രട്ടറി ഇ.കെ. ദാസൻ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചതും റിപ്പോർട്ട് തേടിയതും. കോടതിയുടെ ഈ ഇടപെടൽ തീരദേശവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
അഴീക്കോട്-കൈപ്പമംഗലം കടൽക്ഷോഭം: ടെട്രാപോഡ് നിര്‍മ്മാണ പദ്ധതിയിൽ ഹൈക്കോടതി ഇടപെടൽ

