കയ്പമംഗലം : എറിയാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ രാസമാലിന്യം ഉപയോഗിച്ച് നികത്തിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കെ കെ വത്സരാജ് എംഎൽഎ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. ജൂലൈ 8ന് പ്രദേശവാസികളിൽ നിന്ന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എംഎൽഎ നേരിട്ട് സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.രാസമാലിന്യം ഉപയോഗിച്ച് ഭൂമി നികത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബന്ധപ്പെട്ട അധികൃതർ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രശ്നത്തിന് പൂർണമായ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് എംഎൽഎ വീണ്ടും മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടത്.
രാസമാലിന്യം ഉപയോഗിച്ച് നികത്തിയ സ്ഥലങ്ങളിൽ നിന്ന് പരിസര പ്രദേശങ്ങളിലേക്കും ജലസ്രോതസ്സുകളിലേക്കും മലിനീകരണം വ്യാപിക്കാനുള്ള സാധ്യതയും ഇതുമൂലം ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും എംഎൽഎ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം, രാസമാലിന്യം ഉപയോഗിച്ച് നികത്തിയ സ്ഥലങ്ങളിൽ ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി മാലിന്യം നീക്കം ചെയ്യുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.വിഷയത്തിന്റെ ഗൗരവം നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടർന്ന് പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കെ കെ വത്സരാജ് എംഎൽഎ അറിയിച്ചു.പ്രദേശവാസികളുടെ പരാതി ലഭിച്ചതു മുതൽ വിഷയത്തിൽ ഇടപെട്ടുവരികയാണെന്നും, ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നതുവരെ ശക്തമായ ഇടപെടൽ തുടരുമെന്നും എംഎൽഎ വ്യക്തമാക്കി.
എറിയാട് മാലിന്യ വിഷയം: എംഎൽഎ മുഖ്യമന്ത്രിയെ കണ്ടു

