കൊടുങ്ങല്ലൂർ: ഐഡിയൽ റിലീഫ് വിങ് (IRW) തൃശൂർ ജില്ലാ വളണ്ടിയർമാർക്കായുള്ള ഏകദിന ജില്ലാ ക്യാമ്പ് കൊടുങ്ങല്ലൂർ എം.ഐ.ടി (MIT) കാമ്പസിൽ വെച്ച് നടന്നു. ക്യാമ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാൽപതോളം വളണ്ടിയർമാർ പങ്കെടുത്തു.
രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ച ആദ്യ സെഷനിൽ ഐ.ആർ.ഡബ്ല്യു ജില്ലാ സെക്രട്ടറി ഹിഷാം ത്വാലിബ് സ്വാഗതം ആശംസിച്ചു. ജില്ലാ ലീഡർ എം. ബി ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ നജീബ് ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. “സജീവതയും നൈരന്തര്യവും” എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം വളണ്ടിയർമാരെ അഭിസംബോധന ചെയ്തു. തുടർന്ന് ഗ്രൂപ്പ്, ജില്ലാ തലങ്ങളിലുള്ള പ്രവർത്തന റിപ്പോർട്ട് അവതരണവും ഐ.ആർ.ഡബ്ല്യു ജനറൽ സെക്രട്ടറി നൗഫൽ എം.ഇയുടെ നേതൃത്വത്തിൽ “ദുരന്ത നിവാരണം – മുന്നൊരുക്കം” എന്ന വിഷയത്തിൽ പ്രത്യേക പഠന ക്ലാസും നടന്നു. ഇടവേളയിൽ രക്ഷാപ്രവർത്തന ഉപകരണങ്ങളുടെ (Rescue Tools) വിപുലമായ പ്രദർശനവും ഒരുക്കിയിരുന്നു.
രണ്ടാം സെഷനിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ റസിയ ഷറഫുദ്ദീൻ മുഖ്യാതിഥിയായി പങ്കെടുത്തു. “ഡിസാസ്റ്റർ മാനേജ്മെൻ്റ്: സാധ്യതകളും വെല്ലുവിളികളും (Role of NGOs)” എന്ന വിഷയത്തിൽ അവർ സംസാരിച്ചു. തുടർന്ന് വളണ്ടിയർമാരുടെ കാര്യക്ഷമതയും വേഗതയും വർദ്ധിപ്പിക്കുന്നതിനായി ചെയിൻ സോ (Chain Saw) പ്രവർത്തനം, സി.പി.ആർ (CPR), ചെയർ നോട്ട് (Chair Knot), ബോട്ടിൽ ജാക്കറ്റ് (Bottle Jacket), ഫയർമാൻ ലിഫ്റ്റിങ് (Fireman Lifting) എന്നിവയിൽ പ്രായോഗിക പരിശീലനവും സ്കിൽ ടെസ്റ്റും നടന്നു. ഐ.ആർ.ഡബ്ല്യു ഗവേണിംഗ് ബോർഡ് അംഗം ഇല്യാസ് തിരൂർ സമാപന പ്രഭാഷണം നടത്തി.
കൊടുങ്ങല്ലൂരിൽ ഐ.ആർ.ഡബ്ല്യു ജില്ലാ വളണ്ടിയർ ക്യാമ്പ് സംഘടിപ്പിച്ചു

