കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭാ പരിധിയിലെ റോഡുകളുടെ തകർച്ചയും യാത്രാദുരിതവും ചർച്ച ചെയ്യാതെ നഗരസഭാ കൗൺസിൽ യോഗം അവസാനിപ്പിച്ച ചെയർപേഴ്‌സന്റെ നടപടിക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്ത്. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ കൗൺസിലിൽ വിഷയം ഉന്നയിച്ചെങ്കിലും, സമഗ്രമായ ചർച്ചയ്‌ക്കോ പരിഹാര പ്രഖ്യാപനങ്ങൾക്കോ തയ്യാറാകാതെ യോഗം അവസാനിപ്പിച്ചത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് ബിജെപി ആരോപിച്ചു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട ഡ്രജിംഗ്, ഭൂമി നികത്തൽ എന്നിവയിലും വിവിധ കമ്പനികളുടെ റോഡ് നിർമാണ കരാറുകളിലും പൊതുജനങ്ങൾക്കിടയിൽ വലിയ സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടി. സ്വിസ് ഇൻഫ്രാ അഡ്വെഞ്ചറസ് പ്രൈവറ്റ് ലിമിറ്റഡ്, വി3, ശിവാലയ തുടങ്ങിയ കമ്പനികൾ ഏറ്റെടുത്ത കരാറുകളുടെ പൂർണ്ണ വിവരങ്ങൾ, ടെൻഡർ നടപടികൾ, പ്രവൃത്തി ഉത്തരവുകൾ എന്നിവ നഗരസഭ സുതാര്യമായി പുറത്തുവിടണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ക്രമക്കേടുകളും താൽപര്യസംഘർഷങ്ങളും ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തിൽ, ഈ വിഷയങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണം. റോഡുകളുടെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണാൻ പ്രത്യേക കൗൺസിൽ വിളിച്ചുചേർക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
വിഷയത്തിൽ നഗരസഭയ്‌ക്കെതിരെ നടന്ന പ്രതിഷേധ സമരത്തിന് ടി.എസ്. സജീവൻ, രശ്മി ബാബു, പ്രജീഷ് ചള്ളിയിൽ, രേഖ സൽപ്രകാശ്, ടി.എസ്. അംജിത്ത്, കെ.ആർ. വിദ്യാസാഗർ, ഇ.ആർ. ജിതേഷ്, കെ.എസ്. ശിവറാം എന്നിവർ നേതൃത്വം നൽകി
റോഡ് തകർച്ച: കൊടുങ്ങല്ലൂർ നഗരസഭയിൽ ബിജെപി പ്രതിഷേധം

