ആചാര തനിമയിൽ കോഴിക്കുളങ്ങര പൂജ
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നും നാരായണമംഗലം കോഴിക്കുളങ്ങര ക്ഷേത്രത്തിൽ എത്തി നൂറ്റാണ്ടുകളായി നടന്നു വരുന്ന കോഴിക്കുളങ്ങര പൂജ ഇന്ന് നടന്നു. കർക്കിടക മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച ആയ ഇന്ന് ഉച്ചപ്പൂജ പതിവിലും നേരത്തെ പൂർത്തിയാക്കി ഉച്ചക്ക് 11.30ന് നട അടച്ച് കോഴിക്കുളങ്ങര ക്ഷേത്രത്തിലേക്ക് ഒരു ദിവസത്തെ പൂജക്ക് ആവശ്യമായ സാധനങ്ങളുമായി ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം കിഴക്കേ നടയിൽ നിന്നും നാദസ്വരത്തിന്റെയും ശംഖ നാദത്തിന്റെയും അകമ്പടിയോടെ കാവിൽക്കടവിൽ എത്തി. അവിടെനിന്നും പരമ്പരാഗത രീതിയിൽ രണ്ട് വള്ളങ്ങളിലായി കോഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ കടവിൽ എത്തി. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും എത്തിയ സംഘത്തെ താലങ്ങളോടും നാദസ്വരത്തോടും കൂടി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. ആയതിന് ശേഷം ഭഗവതിക്ക് അഭിഷേകം മലർനിവേദ്യം എന്നിവക്ക് ശേഷം ശർക്കര പന്തീരുനാഴി, വെള്ള പന്തീരുനാഴി, തണ്ണീരാമൃതം എന്നിവ കൂടി നിവേദിച്ചു. കോഴിക്കുളങ്ങര ക്ഷേത്രത്തിൽ കൊടുങ്ങല്ലൂർ ഭഗവതിക്ക് നിവേദിച്ച ചതു:ശതം അടക്കം ഉള്ള അന്നദാനം ഉണ്ടായിരുന്നു. 3000 ത്തോളം ഭക്തജനങ്ങൾ അന്നദാനത്തിൽ പങ്കെടുത്തു.
യുവജനക്ഷേമം, കായികം, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി (മൃഗശാല, മ്യൂസിയം) ശ്രീ.ഒ.ജെ.ജനീഷ് കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.കെ.സുരേഷ് ബാബു, ഡെപ്യൂട്ടി കമ്മീഷ്ണർ സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മീഷണർ എ.പി.സുരേഷ് കുമാർ, ദേവസ്വം മാനേജർ കെ.വിനോദ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.കെ.ഭരതൻ എന്നിവർ നേതൃത്വം നൽകി. പാച്ചാംമ്പിള്ളി രമേശൻ നമ്പൂതിരിയുടെ നേതൃത്തിൽ പൂജകൾ നടന്നു.
ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര പൂജ ഭക്തിനിർഭരമായി നടന്നു

