വിദ്യാലയമുറ്റത്ത് നിന്നും പടിയിറങ്ങി അരനൂറ്റാണ്ട് പിന്നിടുമ്പോഴും മായാത്ത സൗഹൃദത്തിന്റെ കരുത്തുമായി ഒത്തുചേർന്ന് ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ. തങ്ങൾ പഠിച്ച സ്കൂളിന്റെ വികസനത്തിനും സഹപാഠികളുടെ ക്ഷേമത്തിനും അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും നടത്തി മാതൃകയായ അറുപതോളം പൂർവ്വ വിദ്യാർത്ഥികളാണ് ‘സുവർണ്ണ സംഗമം’ എന്ന പേരിൽ തങ്ങളുടെ സൗഹൃദത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചത്.
എറിയാട് കേരള വർമ്മ ഹൈസ്കൂളിൽ നിന്നും 1976 ൽ സ്കൂൾ വിട്ടിറങ്ങിയവരാണ് കൂട്ടായ്മയുടെ സംഘാടകർ .
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ശ്രീ. കമൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേവലം ഓർമ്മകൾ പങ്കുവെക്കലിനപ്പുറം, സഹപാഠികൾക്ക് കൈത്താങ്ങാവാനും വിദ്യാലയത്തിന് താങ്ങായി നിലകൊള്ളാനും ഈ കൂട്ടായ്മക്ക് സാധിച്ചത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പെടാപ്പെടുന്നതിനിടയിൽ സഹജീവികളോടുള്ള കരുതൽ കാത്തു സൂക്ഷിക്കുന്ന ഈ കൂട്ടായ്മ ഒരു മാതൃകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ദർബാർ ഹാൾ ഉടമയുമായ ശ്രീ. നസീർ ബാബുവിന്റെ സ്നേഹസാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. വിദ്യാലയത്തോടും സഹപാഠികളോടുമുള്ള അടങ്ങാത്ത അനുരാഗവും പ്രതിബദ്ധതയുമാണ് ഈ പ്രായത്തിലും ഇത്തരമൊരു സംരംഭത്തിന് പിന്നിലെ കരുത്തെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ 50 വർഷത്തിനിടയിൽ മൺമറഞ്ഞുപോയ പ്രിയപ്പെട്ട അധ്യാപകർക്കും സഹപാഠികൾക്കും യോഗത്തിൽശ്രീ. മുഹമ്മദ് ബാബു ആദരാഞ്ജലികൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ .കലാപരിപാടികളും പഴയകാല സ്മരണകൾ പുതുക്കലും നടന്നു. ‘നാടിന് മാതൃകയായ ഈ സുവർണ്ണ സംഗമം സൗഹൃദബന്ധങ്ങളുടെ അപൂർവ്വ സുന്ദരമായ വേറിട്ടൊരു അനുഭവമായി മാറി.
കലാ പരിപാടികൾക്ക് സീനത്ത്, മേഘല, സഹജൻ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ ശ്രീ. സാദിക്, ശ്രീ. ഹുമയൂൺ കബീർ, ശ്രീ.നാസിറുദ്ധീൻ, ശ്രീ.മുഹമ്മദ് സഗീർ, ശ്രീ.എ.എ. മൊയ്തീൻ എന്നിവർ പങ്കെടുത്ത നടത്തിയ ചടങ്ങ് ശ്രീ.ക്ലീറ്റസ് നിയന്ത്രിച്ചു, ശ്രീ. സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.
സുവർണ്ണ സംഗമത്തിന് ഹൃദ്യമായ തുടക്കം; ഉദ്ഘാടനം സംവിധായകൻ കമൽ നിർവ്വഹിച്ചു.

