കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പന്തീരടി പൂജക്ക് ശേഷം പുത്തരിയോടനുബന്ധിച്ച് അരിയളക്കൽ ചടങ്ങ് കാലത്ത് 7.30 ന് ക്ഷേത്രം കലവറക്ക് സമീപം ക്ഷേത്രം പാട്ടമാളി എൻ. എൻ. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു. 8 മണിക്ക് പെരുവാരം സന്തോഷ് മാരാരുടെ പ്രമാണത്തിലുള്ള ഉത്രാട പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ കാഴ്ചക്കുല സമർപ്പണവും നടന്നു. പുത്തിരി നിവേദ്യത്തിന് നാലും വച്ച കറികളും ഉപ്പു മാങ്ങയും ചതുശ്ശത പായസവും തിടപ്പിള്ളിയിൽ പ്രത്യേകം തയ്യാറാക്കി ഉഴിഞ്ഞ കെട്ടിയ വെള്ളി ഉരുളിയിലാക്കി ശംഖ് നാദത്തിന്റേയും കുത്തു വിളക്കിൻ്റേയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് മേൽശാന്തി പച്ചാംമ്പിള്ളി രമേശൻ നമ്പൂതിരി പ്രത്യേകം പൂജകൾ നടത്തി ഭഗവതിക്ക് നിവേദിച്ചു. നിവേദിച്ച പുത്തരി പായസം വാങ്ങുന്നതിന് ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടു. 11 മണിക്ക് വിഭവ സമൃദ്ധമായ ഉത്രാടസദ്യ ആരംഭിച്ചു.
26.8.2026 തിരുവോണ ദിവസം രാവിലെ 10.30 നും 27.8.2026 അവിട്ടം നാളിലും 28.8.2026 ചതയം നാളിലും രാവിലെ 11.00 മണിക്കും ക്ഷേത്രനട അടക്കുന്നതാണ്. അന്നേ ദിവസങ്ങളിൽ വൈകീട്ട് 4.00 മണി മുതൽ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ , സെക്രട്ടറി പി ബിന്ദു ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ അസിസ്റ്റന്റ് കമ്മീഷണർ എ പി സുരേഷ് കുമാർ ദേവസ്വം മാനേജർ കെ വിനോദ് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വി സന്തോഷ് എന്നിവർ നേതൃത്വം കൊടുത്തു.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കാഴ്ച്ചക്കുല സമർപ്പണവും പുത്തരി നിവേദ്യവും പുത്തരി സദ്യയും ഉത്രാടം നാളിൽ നടന്നു

