കൈപ്പമംഗലം: ദേശീയപാത 66-ലെ പ്രധാന ജങ്ഷനായ കൈപ്പമംഗലം കൊപ്രക്കളത്ത് ഫുട്ഓവർ ബ്രിഡ്ജ്. നിർമിക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചു. ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിർമാണ സാധ്യതകൾ നേരിട്ട് വിലയിരുത്തി.
കൊപ്രക്കളം ജങ്ഷനിൽ ഫുട്ഓവർ ബ്രിഡ്ജ് വേണമെന്നത് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ദീർഘകാലത്തെ ആവശ്യമായിരുന്നു. സ്ഥലപരിമിതി കണക്കിലെടുത്ത് 1.5 മീറ്റർ (ഒന്നര മീറ്റർ) വീതിയിൽ ബ്രിഡ്ജ് നിർമിക്കണമെന്ന നിർദേശമാണ് കൈപ്പമംഗലം ഗ്രാമപഞ്ചായത്തും സമരസമിതിയും പൊതുപ്രവർത്തകരും മുന്നോട്ടുവെച്ചത്.
തുടർന്ന് ബെന്നി ബഹനാൻ എം.പി. വിഷയത്തിൽ ഇടപെടുകയും ദേശീയപാത പ്രൊജക്ട് ഡയറക്ടറുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഡി.സി.സി. ജനറൽ സെക്രട്ടറി സി.ജെ. പോൾസന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിലും, ദേശീയപാത ലൈസൻസ് ഓഫീസർ കെ.ബി. ബാബുവുമായി നടത്തിയ ചർച്ചയിലും നിർമാണത്തിനുള്ള ഉറപ്പ് ലഭിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി ദേശീയപാത ലൈസൻസ് ഓഫീസർ കെ.ബി. ബാബു, ശിവാലയ പ്രതിനിധി ഷിബു പി.സി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. കൊപ്രക്കളം സെന്ററിന് വടക്കുഭാഗത്താണ് ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
സ്ഥലസന്ദർശന വേളയിൽ കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ, ഡി.സി.സി. ജനറൽ സെക്രട്ടറി സി.ജെ. പോൾസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സക്കറിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു [
കയ്പമംഗലം കൊപ്രക്കളത്ത് ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിനുള്ള നടപടികള്‍ക്ക് തുടക്കം

