മാള: കേരള സർക്കാർ സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടപ്പിലാക്കിവരുന്ന ശക്തമായ പ്രതിരോധ നടപടിയായ “ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്” (Operation Toofan the Narco Hunt)-ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസുമായി ചേർന്ന് മാള കാർമൽ കോളജിൽ (ഓട്ടോണമസ്) ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.
ലഹരിയുടെ അപകടങ്ങളെക്കുറിച്ചും അതിൽ നിന്ന് യുവതലമുറ അകന്നുനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ബോധവൽക്കരണ സന്ദേശങ്ങളുമായി തയ്യാറാക്കിയ ‘ടൂഫാൻ’ സ്ട്രീറ്റ് പ്ലേ വാഹനത്തിന്റെ ഫ്ലാഗ് ഓഫും ചടങ്ങിൽ നടന്നു.
മാള മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എസ്.പി.സി കേഡറ്റുകളുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. ലഹരിക്കെതിരെയുള്ള മനുഷ്യച്ചങ്ങല, ‘വാൾ ഓഫ് ഹാൻഡ്സ്’, പ്രതിജ്ഞ, ബോധവൽക്കരണ കട്ട്‌ഔട്ട് അനാച്ഛാദനം എന്നിവ സംഘടിപ്പിച്ചു. കാർമൽ കോളജ് ഡ്രാമ ക്ലബ് അവതരിപ്പിച്ച തെരുവുനാടകവും എൻ.എസ്.എസ്-എൻ.സി.സി അംഗങ്ങളുടെ ഫ്ലാഷ് മോബും ഏറെ ശ്രദ്ധയാകർഷിച്ചു.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ചു. മാള ഐ.എസ്.എച്ച്.ഒ ഹരികുട്ടൻ, എസ്.ഐ വിശാഖ്, യൂണിയൻ ചെയർമാൻ ജൂഡ് ബിജു, ഐ.ക്യു.എ.സി കോർഡിനേറ്റർ മേരി ഫിലിപ്പ്, പ്രസൂൺ ടി.പി., ആര്യ രമേശ് എന്നിവർ പ്രസംഗിച്ചു. പ്രസൂൺ ടി.പി., ആന്റി നാർക്കോട്ടിക് സെൽ കോർഡിനേറ്റർ ഡോ. റോബി ടി.ജെ., ഡോ. മെറിൻ ഫ്രാൻസിസ്, സിസ്റ്റർ സജീവ സി.എം.സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തൃശൂർ റൂറൽ പോലീസിന്റെ സഹകരണത്തോടെ ജൂലൈ 10 വരെ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ സന്ദേശവുമായി നാടകവണ്ടി പര്യടനം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന സർക്കാർ ലക്ഷ്യത്തിന് പിന്തുണയേകാൻ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
ലഹരിമാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ബോധവൽക്കരണ പരിരപാടി സംഘടിപ്പിച്ചു

