മതിലകം: സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് മതിലകത്ത് ആവേശോജ്ജ്വലമായ തുടക്കം. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘കോസ്മോസ്’-ന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഇ. ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 28 പുരുഷ-വനിതാ ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, കാതിക്കോട് അൽ അക്സ പബ്ലിക് സ്കൂൾ, കാതിക്കോട് ജവഹർ ലൈബ്രറി, ഇമാം നഗർ പുന്നക്കബസാർ സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിലെ കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
വനിതാ വിഭാഗത്തിലെ വിജയികൾക്ക് ഏറാട്ടുപറമ്പിൽ മെഹബൂബ് മെമ്മോറിയൽ ട്രോഫിയും, പുരുഷ വിഭാഗം ജേതാക്കൾക്ക് വാടയിൽ ജോസഫ് മാസ്റ്റർ ആൻഡ് ത്രേസ്യ ടീച്ചർ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. ഈ മാസം 21-ന് നടക്കുന്ന സമാപന ചടങ്ങിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും
സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് മതിലകത്ത് തുടക്കമായി

